
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി സ്വാമി ശുഭാംഗാനന്ദ ചുമതലയേറ്റു
ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിൽ നിന്നു രാജി വച്ചു ദിവസങ്ങൾക്കു മുൻപു തന്നെ സ്വാമി ഋതംഭരാനന്ദ കത്തു നൽകിയെങ്കിലും ഇന്നലെ ചേർന്ന ബോർഡ് യോഗത്തിലാണു രാജി സ്വീകരിച്ചത്.നിലവിലെ ബോർഡ് അംഗങ്ങൾ: സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി പരാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർഥ, സ്വാമി സാന്ദ്രാനന്ദ. പാലാ രാമപുരം പന്തലാനിക്കൽ ബാലകൃഷ്ണന്റെയും ജാനകിയമ്മയുടെയും മകനായി 1964 കോഴിക്കോട് തിരുവമ്പാടിയിലാണ് സ്വാമി ശുഭാംഗാനന്ദയുടെ ജനനം. പൂർവാശ്രമത്തിൽ വത്സരാജ് എന്നായിരുന്നു പേര്.

തിരുവമ്പാടി സേക്രഡ്ഹാർട്ട് ഹൈസ്കൂളിലും കോടഞ്ചേരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലും പഠനം. 1986ൽ ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ഏഴു വർഷത്തെ പഠനം പൂർത്തിയാക്കി 1993ൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദ സ്വാമിയിൽ നിന്നു സന്യാസം സ്വീകരിച്ചു. 1994ൽ ശിവഗിരി മഠം ശാഖാ സ്ഥാപനമായ കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറിയായി. 2001ൽ 37–ാം വയസ്സിൽ ധർമസംഘം ട്രസ്റ്റ് ബോർഡിലെ പ്രായം കുറഞ്ഞ അംഗമായി. 2008ൽ വീണ്ടും ട്രസ്റ്റ് ബോർഡ് അംഗമാവുകയും തൃശൂർ പൊങ്ങണംകാട് ശ്രീനാരായണ സേവാമന്ദിരത്തിന്റെയും 2009ൽ പെരിങ്ങോട്ടുകര ശ്രീനാരായണ സോമശേഖര ക്ഷേത്രത്തിന്റെയും സെക്രട്ടറി ചുമതല വഹിക്കുകയും ചെയ്തു.

കൂർക്കഞ്ചേരിയിലെ വിവിധ ശ്രീനാരായണ വിദ്യാലയങ്ങളുടെ കോർപറേറ്റ് മാനേജരായും ഏഴു തവണ ശിവഗിരി തീർഥാടന കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. 2014 മുതൽ ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറിയായി . കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ സെക്രട്ടറിയുടെ ചുമതല ഏൽക്കുമ്പോൾ മുടങ്ങിക്കിടന്ന ശ്രീനാരായണ തീർഥർ സ്വാമി ഓഡിറ്റോറിയം പൂർത്തീകരിച്ചു. വർഷംതോറും തീർഥർ സ്വാമിയുടെ ജയന്തി ആഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയും ചെയ്തു. പൊങ്ങണംകാട് ആശ്രമവും ക്ഷേത്രവും പുനരുദ്ധരിക്കാൻ നേതൃത്വം നൽകി. ചെമ്പഴന്തി ഗുരുകുലത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ പണികഴിപ്പിച്ച രാജ്യാന്തര ശ്രീനാരായണ കൺവൻഷൻ സെന്റർ സ്വാമി ശുംഭാംഗാനന്ദയുടെ പ്രവർത്തന മേഖലയിലെ ശ്രദ്ധേയനേട്ടമായി.ഗുരുധർമ പ്രചാരണസഭയുടെ സെക്രട്ടറി സ്ഥാനത്തും പ്രവർത്തിച്ചു. ഇന്നലെ ചേർന്ന ട്രസ്റ്റ് ബോർഡ് യോഗം സ്വാമി ശുംഭാംഗാനന്ദയെ തിരഞ്ഞെടുത്തതിനെ തുടർന്ന് മഹാസമാധി മന്ദിരത്തിൽ സത്യപ്രതിജ്ഞ നടന്നു. സച്ചിദാനന്ദ സ്വാമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാമി വിശുദ്ധാനന്ദ, സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർഥ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രുപാനന്ദ തുടങ്ങിയ ബോർഡ് അംഗങ്ങളും ശിവഗിരി മഠം പിആർഒ ഇ.എം.സോമനാഥൻ, ഗുരുധർമ പ്രചാരണ സഭ റജിസ്ട്രാർ പി.എം.മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, ജോയിന്റ് റജിസ്ട്രാർ സി.ടി.അജയകുമാർ, നഗരസഭ അധ്യക്ഷൻ കെ.എം.ലാജി തുടങ്ങിയവരും പങ്കെടുത്തു. തുടർന്നു ഓഫിസിലെത്തി ചുമതലയേറ്റു.