12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ഞായറാഴ്ച 22 വയസ്സുളള യുവതി ചേവായൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങള്‍ തിരക്കിയതില്‍ നിന്ന് കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടിയെ അച്ഛന് അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റിയതാണെന്ന് പോലീസ് മനസിലാക്കി. പ്രസവത്തെതുടര്‍ന്നുളള അവശതകളാല്‍ ക്ഷീണിതയായിരുന്നു യുവതി.
കുഞ്ഞിനെ തെരഞ്ഞ് പോലീസ് സംഘം വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിതാവും അദ്ദേഹത്തിന്റെ അമ്മയും കുഞ്ഞുമായി വീട്ടില്‍ നിന്ന് പോയതായി പോലീസ് മനസിലാക്കി. പിതാവിന്റെ ജോലിസ്ഥലം ബാംഗ്ലൂരില്‍ ആയതിനാല്‍ അവിടേക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ച് ചേവായൂര്‍ പോലീസ് അതിവേഗം അന്വേഷണം വ്യാപിപ്പിച്ചു.
മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത ശേഷം സുഹൃത്തിന്റെ കാറിലായിരുന്നു യുവാവും മാതാവും കുഞ്ഞുമായി യാത്ര ചെയ്തിരുന്നത്. അതിനാല്‍ ലൊക്കേഷന്‍ മനസിലാക്കി അന്വേഷണം നടത്താനുളള ശ്രമം വിഫലമായി.സുല്‍ത്താന്‍ ബത്തേരി പോലീസ് സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ ബാംഗ്ലൂരിലേക്കുളള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും വൈകുന്നേരത്തോടെ കണ്ടെത്തി. മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലാക്കി. കുഞ്ഞിനെ തിരികെ എത്തിക്കാനായി വയനാടെത്തിയ ചേവായൂര്‍ പോലീസ് സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ രമ്യ.എം താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ക്ഷീണമകറ്റി. പിന്നെ അതിവേഗം കുഞ്ഞുമായി അമ്മയുടെ അടുത്തേയ്ക്ക് യാത്ര തിരിച്ചു. കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഭദ്രമായി തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റ ആശ്വാസത്തിലാണ് ചേവായൂര്‍ പോലീസ്.
നാല് വര്‍ഷം മുമ്പ് പോലീസ് സേനയില്‍ ചേര്‍ന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ആംഡ് പോലീസ് ബറ്റാലിയന്റെ നാലാം ദളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിയ്ക്ക് ശേഷമാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ.