ഡീസൽ വില വർദ്ധനവ്; സ്വകാര്യ ബസ്സുകൾ അനിശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തിവെയ്ക്കുന്നു
ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവ്വീസുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സ്വകാര്യ ബസ് ഉടമ സംഘങ്ങളുടെ സംയുക്തയോഗത്തിനു ശേഷം ബസ്സുടമാ സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കൺവീനർ ടി.ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദിനംപ്രതി ഉണ്ടാകുന്ന ഇന്ധന വില വർധനവും കൊവിഡ് മഹാമാരിയും മൂലം ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ട് സ്വകാര്യ ബസുകൾവലിയ നഷ്ടത്തിലാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി ആരംഭിച്ച് 20 മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ 60 ശതമാനം ബസുകൾ മാത്രമാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. യാത്രാനിരക്ക് നിശ്ചയിക്കുന്നത് ഉൾപ്പെടെ സ്വകാര്യ ബസ് വ്യവസായം പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ്.
ബസ് ഉടമകൾ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ 👇
1) 2018 ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോൾ നിശ്ചയിച്ച മിനിമം ചാർജ്ജ് 8 രൂപ എന്നത് നിലവിൽ ഡീസലിന് 103 രൂപയായി വർദ്ധിച്ച സാഹചര്യത്തിൽ മിനിമം ചാർജ്ജ് 12 രൂപയാക്കി നിശ്ചയിക്കുകയും കിലോമീറ്റർ നിരക്ക് 1 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്യുക.
2) വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയായും തുടർന്നുളള ചാർജ്ജ് യാത്രാനിരക്കിന്റെ 50% ആയി നിജപ്പെടുത്തുകയും ചെയ്യുക.
3) കോവിഡ് കാലം കഴിയുന്നതുവരെ സ്വകാര്യബസ്സുകളുടെ വാഹന നികുതി പരിപൂർണ്ണമായും ഒഴിവാക്കുക.