ലോക ടൂറിസം ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ടൂറിസം ദിനാഘോഷ പരിപാടി മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സെൻ്റ് തോമസ് കോളേജ് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസം ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ടൂറിസം ദിനാഘോഷ പരിപാടി മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്തു.ഒരുകാലത്ത് തൃശ്ശൂരിൻ്റെ വ്യാപാര – വാണിജ്യ കേന്ദ്രമായിരുന്ന വഞ്ചികുളത്തെ ടൂറിസം സാധ്യതകൾ പ്രയോജനപെടുത്താനുള്ള ശ്രമത്തിലാണ് കോർപറേഷനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമെന്ന് മേയർ പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വ്യതസ്ത സാധ്യതകളുള്ള നാടാണ് കേരളം. സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രത കൂടുതൽ ദൃഡമാക്കാൻ ടൂറിസം മേഖലയിലൂടെ സാധിക്കണമെന്നും മേയർ അഭിപ്രായപ്പെട്ടു.
ലോക ടൂറിസം ദിനത്തിൻ്റെ ഇത്തവണത്തെ തീം ആയ “റീതിങ്കിങ് ടൂറിസം “എന്ന വിഷയത്തിൽ നടന്ന സെമിനാറിന് എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് അസിസ്റ്റൻ്റ് പ്രൊഫ. ഡോ.സിന്ധു ആർ ബാബു നേതൃത്വം നൽകി.
സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റെവ. ഡോ. കെ എ മാർട്ടിൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ്മാസ്റ്റർ, ചെമ്പൂക്കാവ് ഡിവിഷൻ കൗൺസിലർ റെജി റോയ്, അസിസ്റ്റൻ്റ് കലക്ടർ വി എം ജയകൃഷ്ണൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജോബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.