ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരവ് ഗാംഗുലിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു
ലഹരിക്കെതിരേ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ‘നോ ടു ഡ്രഗ്സ്’ ക്യാംപെയിന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപെയിനിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നു ഗാംഗുലി ഏറ്റുവാങ്ങി. ഗാംഗുലിയാണു ക്യാംപെയിന്റെ ബ്രാൻഡ് അംബാസിഡർ.
കുട്ടികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും നൽകുന്നതുപോലെതന്നെ പ്രധാനമാണ് അവരെ നേർവഴിക്കു നടത്തുകയെന്നതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്തു കേരളം രാജ്യത്തുതന്നെ ഒന്നാമതാണ്. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ബോധവത്കരണം നൽകുന്നതിനായി കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിൻ രാജ്യത്തെ എല്ലാ നഗരങ്ങൾക്കും ആവശ്യമുള്ള ഒന്നാണ്. കേരളം മുന്നോട്ടുവയ്ക്കുന്ന ഈ ക്യാംപെയിനിലൂടെ യുവതലമുറയുടെ കഴിവുകളെ നേരായ വഴിയിലൂടെ തിരിച്ചുവിടാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം മനോഹരമാണെന്നു ഗാംഗുലി പറഞ്ഞു. രണ്ടാം തവണയാണു തിരുവനന്തപുരത്ത് എത്തുന്നത്. നഗരത്തിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, പി. പ്രസാദ്, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉദ്യോഗസ്ഥർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.