January 27, 2026

കേരള കാർഷിക സർവകലാശാലയിൽ സി അച്യുതമേനോന്റെ പ്രതിമ കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് അനാച്ഛാദനം ചെയ്തു

Share this News

കേരള കാർഷിക സർവകലാശാലയിൽ സി അച്യുതമേനോന്റെ പ്രതിമ കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് അനാച്ഛാദനം ചെയ്തു


കേരള കാർഷിക സർവകലാശാലയിൽ മുൻ മുഖ്യമന്ത്രി ശ്രീ സി അച്യുതമേനോന്റെ പ്രതിമ കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് അനാച്ഛാദനം ചെയ്തു. പ്രമുഖ ശില്പി പ്രേംജി നിർമ്മിച്ച സി.അച്യുതമേനോന്റെ അർദ്ധകായ പ്രതിമ സർവകലാശാല ഭരണകേന്ദ്രത്തിന് മുമ്പിൽ ആണ് സ്ഥാപിച്ചിട്ടുള്ളത് . പകരം വെക്കാനില്ലാത്ത കേരളത്തിന്റെ ശില്പിയാണ് ആദ്യ ഹരിത മുഖ്യമന്ത്രിയായ അച്യുതമേനോൻ എന്ന് അനാച്ഛാദനത്തിനു ശേഷമുള്ള പ്രസംഗത്തിൽ മന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. ലോകത്തോടൊപ്പം വളരാൻ കേരളത്തെ അച്യുതമേനോൻ പ്രാപ്തരാക്കി എന്നും 1957ൽ കേരളത്തിന്റെ ആദ്യ ധന കൃഷി മന്ത്രി ആയപ്പോൾ തന്നെ കാർഷിക കേരളം എങ്ങനെ രൂപപ്പെടുത്തണമെന്ന് എന്ന ധാരണ അച്യുതമേനോനു ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു . കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിനായി വിവിധ വകുപ്പുകൾ ചേർന്നു രൂപീകരിച്ച ‘മൂല്യ വർധിത കർഷക മിഷൻ’ യാഥാർത്ഥ്യമായിട്ടുണ്ടെന്നും അത് നടപ്പിൽ വരുത്തുന്നതിനായി ഒരു മാസത്തിനകം സിയാൽ മോഡലിൽ കാബ്‌കോ (കേരള അഗ്രികൾച്ചറൽ ബിസിനസ് കമ്പനി) എന്ന കമ്പനി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ലഭ്യമാകുന്ന നടീൽ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നഴ്സറി ആക്ട് അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കാർഷിക സർവകലാശാലയെയും കൃഷിവകുപ്പിനെയും കർഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കൃഷിയിടങ്ങൾ സന്ദർശിക്കുന്ന ‘കൃഷിദർശൻ’ പരിപാടി അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.


കേരളം കണ്ട ഏറ്റവും ദീർഘ വീക്ഷണമുള്ള മുഖ്യമന്ത്രിയും നവകേരള നിർമാണം സാധ്യമാക്കി ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയുമായിരുന്നു അച്യുതമേനോൻ എന്ന് റവന്യു മന്ത്രി കെ.രാജൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.കാർഷിക സർവകലാശാലയുടെ കഴിഞ്ഞ 50 വർഷത്തെ നേട്ടങ്ങൾ പുതിയ വിത്തുകളായും കണ്ടുപിടിത്തങ്ങളായും കൃഷി രീതികളായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.മുൻ കൃഷി മന്ത്രി വി.എസ് സുനിൽകുമാറും അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു . ശിൽപി പ്രേംജിയെ ചടങ്ങിൽ മന്ത്രി പി.പ്രസാദ് പൊന്നാട അണിയിച്ചു ആദരിച്ചു. കാർഷിക സർവകലാശാലയുടെ കഴിഞ്ഞ 50 വർഷത്തെ നേട്ടങ്ങൾ സർവകലാശാല വൈസ് ചാൻസലർ ഡോ. സി ചന്ദ്രബാബു തന്റെ സ്വാഗത പ്രസംഗത്തിൽ വിശദമാക്കി. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിനി കൈലാസ്, ഗ്രാമപഞ്ചായത്ത് അംഗം എം. എസ്. സിനോജ് എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇


https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!