
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് പാണഞ്ചേരി പഞ്ചായത്തിൽ തുടക്കമായി
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ വനം വകുപ്പിന്റെ ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും അടങ്ങുന്ന ടീമുകൾ ഈ ഹെൽപ്പ് ഡെസ്‌ക്ക് വഴി പൊതുജനങ്ങളിൽ നിന്ന് പരാതികൾ ശേഖരിക്കും. ഇതിനായി ഒരു ഫെസിലിറ്റേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നങ്ങൾ ഒന്നാം ഘട്ടത്തിൽത്തന്നെ പരിഹരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. വാണിയംപാറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗിരീഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ പി.എ ദീപു, കെ.പി ചാക്കോച്ചൻ, ആരിഫ റാഫി, സ്വപ്ന രാധാകൃഷ്ണൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വന്യജീവികളുടെ സാന്നിധ്യം മൂലമുള്ള സംഘർഷം, വിളനഷ്ടം, ജീവഹാനി മുതലായ പ്രശ്‌നങ്ങളിലും വനം വകുപ്പുമായി ബന്ധപ്പെട്ട ഭൂമി സംബന്ധമായ തർക്കങ്ങൾ, ഗതാഗത പ്രശ്‌നങ്ങൾ, മരം മുറി തുടങ്ങിയ വിഷയങ്ങളിലും പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഒന്നാംഘട്ടം പഞ്ചായത്ത് തലത്തിൽ സെപ്തംബർ 16 മുതൽ 30 വരെ നടപ്പാക്കും. തുടർന്ന് രണ്ടാം ഘട്ടം ജില്ലാതലത്തിൽ ഒക്ടോബർ 1 മുതൽ 15 വരെയും, മൂന്നാം ഘട്ടം സംസ്ഥാന തലത്തിൽ ഒക്ടോബർ 16 മുതൽ 30 വരെയുമാണ് നടപ്പാക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t


