ശ്വാസകോശക്കുഴലിനെ മുഴുവനായും മൂടിയ ട്യൂമർ നീക്കി; വെന്റിലേറ്ററിൽ നിന്ന് അൽഫിയയ്ക്ക് ഇനി ആ’ശ്വാസം’
ട്യൂമർ നീക്കം ചെയ്ത ഡോക്ടർമാരിൽ തൃശ്ശൂർ പാണഞ്ചേരി സ്വദേശി ഡോ. ടിങ്കു ജോസഫും
കൊച്ചി: ശ്വാസകോശക്കുഴലിനുള്ളിൽ 95 ശതമാനം ഭാഗത്തും ട്യൂമർ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസ്സുകാരി അൽഫിയ ഫാത്തിമയ്ക്ക് ഇനി ആശ്വാസത്തിന്റെ പുതിയൊരു ജീവിതം. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോ.ടിങ്കു ജോസഫ്, കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ. ഗോപൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലേക്കുള്ള കുഴലിനെ ഗുരുതരമായി ബാധിച്ചിരുന്ന ട്യൂമർ നീക്കം ചെയ്തത്. ശ്വാസകോശത്തിലേക്കുള്ള കുഴലിന്റെ (വിൻഡ് പൈപ്പ്) ഭൂരിഭാഗവും ട്യൂമർ ബാധിച്ച് അടഞ്ഞിരുന്നതിനാൽ കടുത്ത ശ്വാസതടസ്സത്തിന് പുറമേ കുട്ടിക്ക് കിടക്കാനോ ഭക്ഷണം കഴിക്കാനോ പോലും സാധിച്ചിരുന്നില്ല. ഓപ്പൺ സർജറി ഒഴിവാക്കി റിജിഡ് ബ്രോങ്കോസ്‌കോപ്പി ഉപയോഗിച്ചാണ് ട്യൂമർ നീക്കിയത്.
കടുത്ത ശ്വാസം മുട്ടലും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിനി അൽഫിയ ഫാത്തിമയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിക്ക് ആസ്തമയ്ക്കുള്ള ചികിത്സ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് കുട്ടിയുടെ ആരോഗ്യനില വളരെയധികം മോശമാകുകയും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലേക്കെത്തുകയും ചെയ്തു. കുട്ടിയുടെ എക്‌സ്‌റേ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയിൽ നടത്തിയ സി.ടി സ്‌കാൻ പരിശോധനയിലാണ് കുട്ടിയുടെ ശ്വാസകോശക്കുഴലിൽ ട്യൂമർ ഉള്ളതായി കണ്ടെത്തിയത്. ഇത് നീക്കം ചെയ്യുന്നതിനായി ഡോക്ടർമാർ ഓപ്പൺ സർജറി നിർദേശിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടയിൽ കടുത്ത ശ്വാസതടസ്സമുണ്ടാകുകയും കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഈ അവസ്ഥയിലാണ് കുട്ടിയെ ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്നും തിങ്കളാഴ്ച കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഓപ്പൺ സർജറി കൂടാതെ തന്നെ ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ കുട്ടിയുടെ വിൻഡ് പൈപ്പിൽ ബാധിച്ചിരുന്ന ട്യൂമർ മുഴുവനായും നീക്കം ചെയ്യുകയായിരുന്നു.
വിൻഡ് പൈപ്പിലുണ്ടാകുന്ന ‘ട്രക്കിയൽ ഷാനോമ’ എന്ന ഈ ട്യൂമർ വളരെ അപൂർവമായി മാത്രമേ ഇത്രയും വ്യാപകമായി കാണാറുള്ളുവെന്ന് ഡോ.ടിങ്കു ജോസഫ് പറഞ്ഞു. റിജിഡ് ബ്രോങ്കോസ്‌കോപ്പി ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ആയതിനാൽ ഓപ്പൺ സർജറിയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം അൽഫിയ മാതാപിതാക്കൾക്കൊപ്പം ബുധനാഴ്ച വീട്ടിലേക്ക് മടങ്ങി. കിളിമാനൂർ സ്വദേശികളായ സമീർ-സീന ദമ്പതിമാരുടെ മകളായ അൽഫിയ കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. കടുത്ത ശ്വാസംമുട്ടലും ചുമയും കാരണം കഴിഞ്ഞ ഒരു വർഷത്തോളമായി അൽഫിയയ്ക്ക് സ്‌കൂളിലെ ഓൺലൈൻ ക്ലാസുകളിലൊന്നും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ‘ നടക്കാനും സംസാരിക്കാനുമെല്ലാം ഇപ്പോൾ കഴിയുന്നുണ്ട്. ഇനി സ്‌കൂൾ തുറക്കുമ്പോൾ സ്‌കൂളിൽ പോകണം, പഠിക്കണം, കൂട്ടുകാരെയൊക്കെ കാണണം’ ആശ്വാസത്തോടെ അൽഫിയ പറയുന്നു.
വാർത്തകൾ what’s appൽ ലഭ്യമാണ് താഴെ Link ൽ ക്ലിക്ക് ചെയ്യുക