
തൃശൂരിൽ ഇന്ന് പുലികളിറങ്ങും; ഇത്തവണ 9 പുലിക്കളി സംഘങ്ങൾ
വർഷങ്ങൾക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഒൻപത് പുലിക്കളി സംഘങ്ങൾ ഇറങ്ങാൻ പോകുന്നു. ഇന്ന് നടക്കുന്ന പുലിക്കളിയിൽ വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകൾ പങ്കെടുക്കും. കഴിഞ്ഞതവണ 7 സംഘങ്ങളാണ് പങ്കെടുത്തത്.
പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപറേഷൻ ഉറപ്പുവരുത്തി. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. നാളെ 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം.കെ. വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായി ഫ്ലാഗ്ഓഫ് ചെയ്ത് പുലിക്കളിക്ക് തുടക്കമാകും.ടീമുകൾ വരുന്ന വഴി
ബിനി ജംക്‌ഷൻ വഴി കുട്ടൻകുളങ്ങര ദേശവും കല്യാൺ ജ്വല്ലേഴ്സിന് സമീപത്തുനിന്നു യുവജനസംഘം വിയ്യൂരും നടുവിലാൽ ജംക്‌ഷൻ വഴി ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം എന്നീ നാലുടീമുകളും നായ്ക്കനാൽ ജംക്‌ഷൻ വഴി നായ്ക്കനാൽ ദേശവും പാട്ടുരായ്ക്കൽദേശവും സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. ഒരു പുലിക്കളി സംഘത്തിൽ 35 മുതൽ 51 വരെ പുലികളും ഒരു നിശ്ചലദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടായിരിക്കും.
∙സമ്മാനം
പുലിക്കളിയിൽ ആദ്യ മൂന്ന് സ്ഥാനത്ത് ദേശങ്ങൾക്ക് യഥാക്രമം 62,500, 50,000, 43,750 രൂപ വീതമാണ് സമ്മാനം ലഭിക്കുക. നിശ്ചല ദൃശ്യത്തിന് സമ്മാനം യഥാക്രമം 50,000, 43,750, 37,500 രൂപ. പുലികൊട്ട്, പുലിവേഷം, പുലിവണ്ടി എന്നിവയ്ക്ക് യഥാക്രമം 12,500, 9375, 6250 രൂപ വീതം സമ്മാനം ലഭിക്കും. മികച്ച രീതിയിൽ അച്ചടക്കം പാലിക്കുന്ന ടീമിന് 18,750 രൂപയാണ് സമ്മാനം. പുലിവരയ്ക്ക് യഥാക്രമം 12,500, 9,375, 6,250 രൂപയും ചമയപ്രദർശനത്തിന് 25,001, 20,001, 15,001 രൂപയും സമ്മാനം ലഭിക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
