January 28, 2026

പാണഞ്ചേരി ഗ്രാമപഞ്ചായത്തും പീച്ചി ഡി എം സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ചിങ്ങപ്പുലരിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.

Share this News
പാണഞ്ചേരി ഗ്രാമപഞ്ചായത്തും പീച്ചി ഡി എം സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ചിങ്ങപ്പുലരിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.

പാണഞ്ചേരി ഗ്രാമപഞ്ചായത്തും പീച്ചി ഡി എം സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ചിങ്ങപ്പുലരിക്ക് തുടക്കമായി. വർണ്ണശോഭയാർന്ന ഘോഷയാത്ര പീച്ചി പവലിയൻ പരിസരത്ത് എത്തിയ ശേഷം ആരംഭിച്ച സമ്മേളനത്തിൽ ചിങ്ങപ്പുലരിയുടെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.

ഒരു വിധത്തിലും മലയാളിക്ക് പ്രയാസമില്ലാത്ത തരത്തിൽ മാവേലിയെ ഏറ്റവും സ്നേഹ ബഹുമാനങ്ങളോട് കൂടെ സ്വീകരിച്ച് മലയാളത്തിന്റെ പാരാമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും വരവറിയിക്കുന്ന വലിയ വിപുലമായ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുയാണെന്ന് പീച്ചിയിലെ ഓണാഘോഷം ചിങ്ങപ്പുലരി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു. സർക്കാർ ഹരിതകർമ സേനാംഗങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണത്തിന് മുൻപ് വർദ്ധിപ്പിച്ച ബോണസ് നൽകുന്നതിനെ കുറിച്ചും കേരളത്തിലെ അറുപത് വയസ്സ് പിന്നിട്ട മുഴുവൻ പട്ടിക വർഗകാർക്ക് 1000 രൂപ ഓണ സമ്മാനമായി നൽകുന്നതിനെ കുറിച്ചും വിലക്കയറ്റം പിടിച്ചു നിർത്തി ഓണാഘോഷത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കൺസ്യൂമർ ഫെഡിന്റെയും സിവിൽ സപ്ലൈസ്ന്റെയും സ്റ്റാളുകൾ ആരംഭിച്ചതിനെ കുറിച്ചും ഹോർട്ടി കോർപ്പിന്റെ സ്റ്റാളുകൾ വരും ദിവസങ്ങളിൽ വ്യാപകമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പാർക്കും ഫോറസ്റ്റ് വകുപ്പിന്റെ കുട്ട വഞ്ചിയും അഡ്വെഞ്ചർ ടൂറിസം അടക്കം സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണെങ്കിലും പീച്ചി ഹൗസ് നിലനിൽക്കുന്ന 86 ഏക്കർ ഭൂമി പൂർണമായും പ്രയോജനപ്പെടുത്തി കൊണ്ട് ഒൻപത് സോണുകളായി തിരിച്ച് 368 കോടി രൂപ ചെലവഴിച്ച് വരാവുന്ന പീച്ചിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ ബൃഹത് പദ്ധതിയെ കുറിച്ചും പീച്ചി ഹൗസിന്റെ പ്രത്യേകതയെ കുറിച്ചും മന്ത്രി വിശദീകരിച്ചു. പീച്ചിയെ അതിന്റെ നഷ്ടപ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുന്ന തരത്തിൽ ഒൻപത് സോണുകളിലായി വരുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി വിശദമാക്കി. പ്രവേശന കവാടത്തിനോട് ചേർന്ന ആദ്യ സോണിൽ ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്റർ, മൾട്ടിപ്ലക്സ് തിയേറ്റർ കോംപ്ലക്സ്, പാർക്കിങ് ഏരിയ എന്നിവയൊരുങ്ങുമെന്നും
എൻട്രൻസ് പ്ലാസയും ടിക്കറ്റ് കൗണ്ടറും എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഇആർഐ) അഡ്മിൻ ബ്ലോക്ക്, ഹോസ്റ്റൽ, ട്രേഡിങ് സെൻ്റർ, ലാബ്, ക്വാർട്ടേഴ്സ്, പാർക്കിങ് എന്നിവ തയ്യാറാക്കുമെന്നും സെൻട്രൽ പാർക്കിങ് സോൺ, പൊതു ശൗചാലയം, ക്ലിനിക്ക്, സർവീസസ് എന്നിവയോടൊപ്പം ഷോപ്പിങ് സ്ട്രീറ്റ്, കിയോസ്ക്സ്, ഫുഡ് കോർട്ടുകൾ, റസ്റ്ററൻ്റുകൾ, അമ്യൂസ്മെൻ്റ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, റോളർ കോസ്റ്റർ, ഓപ്പൺ എയർ തിയേറ്റർ, പ്രീ വെഡ്ഡിങ് ഷൂട്ടിങ് സ്പോട്ട്, സൈക്കിളിങ് ട്രാക്ക്, ലാൻഡ്സ്കേപ്ഡ് പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, ഡാം ലൈറ്റിങ്, പനോരമിക് ഗ്ലാസ് ലിഫ്റ്റ്, ഡാം സൗൺസ്ട്രീം ഗാർഡൻ, വാച്ച് ടവർ, ഗ്ലാസ് ബ്രിഡ്ജ്, സിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ് കേന്ദ്രവും ഉൾപ്പെടെ തയ്യാറാക്കുമെന്നും ഇവയ്ക്ക് പുറമെ മുഴുവൻ റോഡുകളുടെയും നവീകരണവും സംയോജനവും പദ്ധതിയിൽ ഉൾപ്പെടുതുന്നതോടൊപ്പം പല സ്ഥലത്തും പഴയ കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ പുതിയൊരു സമുച്ചയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും പീച്ചി വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്ന കാര്യവും പരിഗണിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിൽ പീച്ചി ഹൗസിന്റെ നിർമാണ പ്രവർത്തനങ്ങൾ പി പി പി മോഡലിൽ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹോസ്റ്റൽ സൗകര്യങ്ങളോടെ ഒരുങ്ങുന്ന പീച്ചി ഐടിഐക്കായി പുതിയ സ്ഥലം തയ്യാറാകുന്നത് സംബന്ധിച്ച നടപടികളെക്കുറിച്ചും പീച്ചി സ്കൂളിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു. ഈ സർക്കാരിന്റെ കാലത്ത് തന്നെ പീച്ചി ഹൈസ്കൂളിന്റെ പുറകിൽ ഒരുങ്ങുന്ന പുതിയ ഫ്ലെഡ്ലൈറ്റ് സ്റ്റേഡിയത്തിൻ്റെ നിർമാണ പ്രവർത്തന നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പീച്ചി എൽ പി സ്കൂളിൽ നടത്തിയ മൂന്ന് കെട്ടിട നിർമാണ പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു. പീച്ചിയെ വികസിപ്പിക്കുക എന്നാൽ പീച്ചിയുടെ വിദ്യാഭ്യാസ, കായിക വികസനമുണ്ടാകണമെന്നും പീച്ചിയിലെ കച്ചവടങ്ങളിൽ മാറ്റം വരണമെന്നും പീച്ചിയിലേക്ക് ആളുകൾ എത്തണമെന്നും മന്ത്രി പറഞ്ഞു. മാന്ദാമംഗലം വരെ മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഒക്ടോബറിൽ ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ പോകുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്ന് സഞ്ചാരികൾക്ക് വേഗം തന്നെ പീച്ചി ഡാമിലേക്ക് എത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പീച്ചി ഡാമിന്റെ തൊട്ടപ്പുറത്ത് ഒരപ്പൻകെട്ട് ഡാമിൽ ഒരുങ്ങുന്ന ജില്ലയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജിനെ കുറിച്ചും സിപ് ലൈനിനെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു.

പീച്ചി പവലിയൻ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. രവി, സിനിമ- സീരിയൽ താരം ടി.ജി. രവി തുടങ്ങിയവർ മുഖ്യാതിഥികളായി.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ സ്വാഗതവും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ നന്ദിയും പറഞ്ഞു.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫ്രാൻസീന ഷാജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, പാണഞ്ചേരി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഉഷ മോഹനൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം മാത്യു നൈനാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സനൽ വാണിയമ്പാറ, ബേബി നെല്ലിക്കുഴി, ജോസുട്ടി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിജയ് രാജ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!