
ഒല്ലൂർ നിയോജകമണ്ഡലം സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് മലയാളിയുടെ ഒരു പ്രമാണമെങ്കിലും കാണമൊന്നും വിൽക്കാതെ തന്നെ നിറവായി ഓണമുണ്ണാം എന്ന് മലയാളിയെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ച് തവണത്തെ കുടിശ്ശിക ബാക്കിയുണ്ടായിരുന്ന സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ നാല് തവണകളും കൊടുത്തു തീർത്തെന്നും 2025 നുള്ളിൽ ബാക്കിയുള്ള കുടിശ്ശിക പൂർണമായും കൊടുത്ത് തീർക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. ഓണത്തിന് ആർക്കെങ്കിലും സമ്മാനമായി നൽകാൻ മികച്ച ഒന്നാണ് സപ്ലൈകോ പുറത്തിറക്കിയ ആയിരം രൂപയുടെ സമൃദ്ധി ഓണക്കിറ്റുകളെന്നും അതിന് പുറമേ 500 രൂപയുടെ മിനി കിറ്റുകളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. വിപണിയിൽ വെളിച്ചെണ്ണ ലഭ്യമല്ലാതെ വൻ തോതിൽ വിലയുയർന്നപ്പോൾ ശബരി ബ്രാൻഡിൽ കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കിയ ഒരേ ഒരു ഏജൻസി സപ്ലൈകോ ആണെന്നും മന്ത്രി പറഞ്ഞു.
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ എല്ലാ ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ഒരുക്കുന്ന ഓണം ഫെയറിൽ അരിയും വെളിച്ചെണ്ണയുമടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ ന്യായവിലയ്ക്ക് ലഭ്യമാകും. ഉപഭോക്താക്കൾക്കായി വൻ വിലക്കുറവും ഓഫറുകളും നൽകുന്നതോടൊപ്പം പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
പട്ടിക്കാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി ആദ്യ വിൽപനയും നടത്തി.
തൃശൂർ സപ്ലൈകോ ഡിപ്പോ മാനേജർ എസ്. ജാഫർ സ്വാഗതവും ഒ ഐ സി സി. ആർ വിജീഷ് നന്ദിയും പറഞ്ഞു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗം ആനി ജോയ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

