
പന്നിയങ്കര ടോൾ പിരിവ് നിറുത്തിവയ്ക്കാൻ അഡ്വ. ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല ഹർജി ഫയലിൽ സ്വീകരിച്ചു.
മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ പാലിയേക്കര ടോൾ പ്ലാസ താൽക്കാലികമായി ഹൈക്കോടതി അടപ്പിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതിയിൽ ടോൾ കമ്പനി അപ്പീലിന് പോയെങ്കിലും ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനും റോഡിന്റെ തകർച്ചയും ഗതാഗതക്കുരുക്കും അടിയന്തരമായി പരിഹരിക്കാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പന്നിയങ്കര ടോൾ പ്ലാസയിലെ പിരിവും നിർത്തിവയ്ക്കണമെന്ന ഹർജി കോടതി സ്വീകരിച്ചത്. പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീട്ടിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ടോൾ സ്വീകരിക്കുന്നത് പന്നിയങ്കരയിലാണ്. കുതിരാൻ തുരങ്ക നിർമാണത്തിന്റെ പേര് പറഞ്ഞാണ് ഈ ടോൾ കൊള്ള നടത്തുന്നതെന്നാണ് ആരോപണം. കല്ലിടുക്ക്, മുടിക്കോട്, വാണിയമ്പാറ എന്നിവിടങ്ങളിൽ അടിപ്പാതകളുടെ പണിയും ഇഴയുകയാണ്. ഇതുമൂലം മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് ദേശീയപാതയിൽ അനുഭവപ്പെടുന്നത്. നിലവിൽ സർവീസ് റോഡിൽ നടത്തുന്ന ടാറിങ് താൽക്കാലികമായി മാത്രമാണ് ചെയ്യുന്നത്. സർവീസ് റോഡുകൾ വീതി കൂട്ടി നിർമിച്ചാൽ കുരുക്കിന് ശമനമാകുമെന്നും ഹർജിയിൽ പറയുന്നുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
