January 28, 2026

മുളയം വില്ലേജ് ഡിജിറ്റൽ സർവേയുടെയും ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം റവന്യൂ  മന്ത്രി കെ. രാജൻ നിർവഹിച്ചു

Share this News
മുളയം വില്ലേജ് ഡിജിറ്റൽ സർവേയുടെയും ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം റവന്യൂ  മന്ത്രി കെ. രാജൻ നിർവഹിച്ചു

തൃശ്ശൂർ ജില്ലയിൽ മൂന്നാം ഘട്ട ഡിജിറ്റൽ സർവേയിൽ ഉൾപ്പെട്ട തൃശ്ശൂർ താലൂക്കിലെ മുളയം വില്ലേജിന്റെ ഡിജിറ്റൽ ലാൻഡ് സർവേ ജോലികളുടെയും ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു.

പട്ടയ വിതരണത്തിലും ഡിജിറ്റൽ റിസർവേയിലും സമാനതകളില്ലാത്ത നേട്ടമാണ് സംസ്ഥാനത്തുണ്ടായതെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കേരളത്തിലെ ഡിജിറ്റൽ റിസർവേ ഏകദേശം രണ്ട് വർഷം പൂർത്തിയാകുമ്പോൾ എട്ട് ലക്ഷം ഹെക്ടറോളം ഭൂമി പൂർണമായി അളന്ന്, ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധം കേരളം ഏറ്റവും സുതാര്യവും വേഗതയേറിയതുമായ നടപടിക്രമങ്ങളിലേക്ക് കടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിങ്ങൾ കൈവശം വെച്ചിരിക്കുന്ന ഭൂമി നിങ്ങൾക്ക് അർഹതപ്പെട്ടതാണെങ്കിൽ ആ ഭൂമി നിങ്ങൾക്ക് തരാൻ പറ്റുന്ന ഏറ്റവും നല്ല ഇടപെടലായിരിക്കും ഡിജിറ്റൽ റിസർവേ എന്നും ഡിജിറ്റൽ റിസർവേയുടെ ഭാഗമായി കേരളം ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സെറ്റിൽമെന്റ് ആക്ട് കൂടി ഉടൻ വരുമെന്നും മന്ത്രി പറഞ്ഞു.

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സർവേ ഉപകരണങ്ങളും ഉപയോഗിച്ച്, ബഹുജന പങ്കാളിത്തത്തോടെ ‘എന്റെ ഭൂമി പോർട്ടലി’ലൂടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും സർവേയും ഭൂരേഖയും വകുപ്പ് മുഖേന ഡിജിറ്റൽ സർവേ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ഒരു ആധുനിക രേഖയാണ് ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാക്കുന്നത്.

വലക്കാവ് സെന്റ് ജോസഫ് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. സർവേ ഡെപ്യൂട്ടി ഡയറക്ടർ എസ്. അൻസാദ് വിഷയാവതരണം നടത്തി. സബ് കളക്ടറും ഡിജിറ്റൽ സർവേ ജില്ലാ നോഡൽ ഓഫീസറുമായ അഖിൽ വി. മേനോൻ, സർവേ അസിസ്റ്റന്റ് ഡയറക്ടർ എം. മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.എൻ. സീതാലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. അഭിലാഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിയ ഗിഫ്റ്റൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഐശ്വര്യ ലിന്റോ, ടി.കെ. അമൽ റാം, നടത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപ അനീഷ്, മിനി വിനോദ്, ജിനിത സുഭാഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. ദിലീപ്‌കുമാർ, ജോയ് ആനിക്കാട്ട്, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!