
പൂർണമായി സ്തംഭിച്ച് തൃശൂർ – എറണാകുളം റോഡ്; ഗതാഗതക്കുരുക്ക് 12-ാം മണിക്കൂറിലേക്ക്
എറണാകുളം-തൃശ്ശൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. യാത്രക്കാർ കൊടുംദുരിതത്തിൽ. മണ്ണുത്തി-ഇടപ്പള്ളി പാതയിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 12-ാം മണിക്കൂറിലേക്ക് കടക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച കുരുക്കിന് ഇനിയും അവസാനമായില്ല.ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്. കനത്തമഴ പെയ്യുന്നതും സാഹചര്യം മോശമാക്കുന്നുണ്ട്. വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ഇന്ധനനഷ്ട പ്രതിസന്ധിയും ഡ്രൈവർമാർ നേരിടുന്നു. വിമാനത്താവളത്തിലേയ്ക്കുള്ളവരും ആശുപത്രി ആവശ്യങ്ങൾക്കുവേണ്ടിയും മരണച്ചടങ്ങുകളിൽ പങ്കെടുക്കാനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പുറപ്പെട്ടവരും ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത്, സർവീസ് റോഡിൽ മരംകയറ്റിവന്ന ഒരു ലോറി കുഴിയിൽ വീണശേഷം മറിഞ്ഞിരുന്നു. തടിക്കഷണങ്ങൾ റോഡിലേക്ക് വീഴുകയും ചെയ്തതോടെ രാത്രി എട്ടുമണി മുതൽ ശനിയാഴ്ച പുലർച്ചെ വരെ ഗതാഗത തടസ്സം നേരിട്ടിരുന്നു. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നായിരുന്നു ഈ തടിക്കഷണങ്ങൾ നീക്കം ചെയ്തത്.പട്ടാമ്പിയിൽനിന്നും പെരുമ്പാവൂർക്ക് പോവുകയായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. സർവീസ് റോഡിൽ വാഹനങ്ങൾ ഓടി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അതിനടുത്താണ് റോഡിൽ അരികുചേർന്ന് മറിഞ്ഞത്. സ്ഥിരമായി ആളുകൾ നടന്നുപോകുന്ന ഭാഗത്തേക്കാണ് മറിഞ്ഞത്. അപകടം നടക്കുമ്പോൾ ആരും ഉണ്ടായിരുന്നില്ല. ലോറി അപകടത്തിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു.ചാലക്കുടി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റോഡിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. റോഡിന്റെ മോശം അവസ്ഥയും അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താത്തതുമാണ് സാഹചര്യം വഷളാക്കുന്നത്. മേൽപ്പാതയുടെയും അടിപ്പാതകളുടെയും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് സർവീസ് റോഡുകളെയാണ്. എന്നാൽ, ഈ സർവീസ് റോഡുകളുടെ അവസ്ഥ വളരെ മോശമായതും ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞതാണ് പല സർവീസ് റോഡുകളും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
