
കല്ലൂരിൽ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
കല്ലൂരിൽ അസം സ്വദേശികൾ താമസിച്ചിരുന്ന ഷെഡിനു സമീപത്തെ വെള്ളം കെട്ടിക്കിടന്നിരുന്ന കുഴിയിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. അജിസൂർ റഹ്മാന്റെയും സൈറാ ബാനുവിന്റെയും മകൻ സജിദുൽ ഹഖ് ആണു മരിച്ചത്. നാലോടെ മറ്റു കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി കുഴിയിൽ വീണതെന്നാണു കരുതുന്നത്. കുട്ടിയെ കാണാതെ വന്നതോടെ താമസസ്ഥലത്തുണ്ടായിരുന്നവർ തിരച്ചിൽ നടത്തി. പണിസ്ഥലത്തായിരുന്ന മാതാപിതാക്കളെ വിവരം അറിയിച്ചു. അന്വേഷണത്തിൽ കുട്ടിയുടെ ചെരിപ്പു വെള്ളത്തിൽ കിടക്കുന്നത് അമ്മ കണ്ടെത്തുകയും അമ്മ തന്നെ വെള്ളത്തിലിറങ്ങി കുട്ടിയെ കരയ്ക്കെടുക്കുകയുമായിരുന്നു.
ഉടൻ അന്നമനടയിലെ ക്ലിനിക്കിലും പിന്നീടു കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാള പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. കാടുകുറ്റി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അയ്യാരിൽ ഹാഷിം സാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡിലാണ് അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്നത്. ഒട്ടേറെ വർഷങ്ങൾക്കു മുൻപ് ഓട്ടു കമ്പനിക്കു വേണ്ടി മണ്ണെടുത്തുണ്ടായ കുഴിയിലാണ് അപകടം. 10 അടിയോളം വെള്ളമുണ്ടായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. മൃതദേഹം അപ്പോളോ ആശുപത്രിയിൽ. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ഷാഖിബുൽ, ഹസ്ബീന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
