January 31, 2026

പീച്ചി ഗവ. എൽ പി സ്കൂളിലെ വർണക്കൂടാരത്തിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.

Share this News
പീച്ചി ഗവ. എൽ പി സ്കൂളിലെ വർണക്കൂടാരത്തിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.

അതിമനോഹരമായി നമ്മുടെ കുഞ്ഞുങ്ങളെ ലോകവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന വാതായനമാണ് വർണകൂടാരം എന്ന് മന്ത്രി പറഞ്ഞു. പീച്ചി പ്രദേശം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ ഹബ് ആയി മാറുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് മന്ത്രി പറഞ്ഞു. 2026 ജനുവരി ഏഴ് മുതൽ 11 വരെ തൃശ്ശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വിപുലമായി നടത്താനുള്ള മുന്നൊരുക്കങ്ങളെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സംസാരിച്ചു.

ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീപ്രൈമറി വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് വർണക്കുടാരം പദ്ധതിയിൽ ഉൾപ്പെടുത്തി ഒല്ലൂക്കര ബി.ആർ.സി.യുടെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് 13 പ്രവർത്തന ഇടങ്ങളോടുകൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി സ്കൂൾ നിർമാണം പൂർത്തിയാക്കിയത് .

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി മുഖ്യാതിഥിയായി. ഡി പി സി എസ് എസ് കെ ഡോ. എൻ. ജെ ബിനോയ് പദ്ധതി വിശദീകരിച്ചു. പീച്ചി ഗവൺമെന്റ് എൽ പി സ്കൂളിലെ വർണക്കൂടാരം പദ്ധതി ശിൽപ്പിയായ സിജോയെ ചടങ്ങിൽ ആദരിച്ചു.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. വി അനിത, മറ്റ് ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എൻ കെ രമേഷ്, ഒല്ലൂക്കര ബി ആർ സി പ്രതിനിധികൾ, പ്രധാന അധ്യാപിക കെ. ജെ ടെസ്സി, സ്റ്റാഫ് സെക്രട്ടറി ജലജ ഉൾപ്പെടെയുള്ള അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!