
ഇടപ്പള്ളി-മണ്ണുത്തി ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കുമെന്ന് ഹൈക്കോടതി
ദേശീയപാതയിൽ മണ്ണുത്തി- ഇടപ്പള്ളി ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് ഒരാഴ്‌ച സമയം ഹൈക്കോടതി അനുവദിച്ചു. നടപടിയെടുത്തില്ലെങ്കിൽ ടോൾ നിർത്താൻ നിർദേശം നൽകേണ്ടിവരുമെന്നു മുന്നറിയിപ്പു നൽകിയാണ് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
സുഗമമായി യാത്ര ചെയ്യാൻ സാധിക്കാത്ത റോഡിൽ യാത്രക്കാർ ടോൾ നൽകുന്നത് എന്തിനാണെന്നു കോടതി ദേശീയപാത അതോറിറ്റിയോട് ആരാഞ്ഞു.
യാത്രക്കാർക്കാണു പ്രാധാന്യം നൽകേണ്ടത്. ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകുമ്പോൾ യാതക്കാർക്കു സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം.റോഡുകൾ സഞ്ചാര യോഗ്യമാക്കണം. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കുന്നതിൽ ദേശീയ പാത അതോറിറ്റി വീഴ്ച വരുത്തി. പൊതുവിശ്വാസത്തിന്റെ പേരിലാണു യാത്രക്കാർ ടോൾ നൽകുന്നത്.
സഞ്ചാരയോഗ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണു റോഡെങ്കിൽ ടോൾ പിരിവു നിർത്തുന്നതിലേക്കു കാര്യങ്ങൾ നയിക്കുമെന്നും കോടതി പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ ഒരാഴ്ച സമയം വേണമെന്ന് അഡിഷനൽ സോളിസിറ്റർ ജനറൽ എആർ.എൽ സുന്ദരേശൻ അറിയിച്ചതിനെ തുടർന്നു കേസ് പരി ഗണിക്കുന്നതു ഹൈക്കോടതി 16ലേക്കു മാറ്റുകയായിരുന്നു. എന്നാൽ ടോൾ നിർത്താതിരിക്കാൻ ദേശീയ പാത അതോറിറ്റി കാരണം കാണിക്കണമെന്നും നിർദേശിച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാൻ ഒരാഴ്ച സമയം വേണമെന്നായി രുന്നു അതോറിറ്റിയുടെ ആവശ്യം. കോടതിക്കു സ്വീകാര്യമായന്യായമായ പരിഹാരമാർഗം അറിയിക്കാം. 65 കിലോമീറ്റർ പാത ഉപയോഗിക്കുന്നതിനാണു ടോൾ.
പണി നടക്കുന്നത് 4.8 കിലോമീറ്ററിലാണ്. ടോൾ റോഡിൽ വരാൻ ആരെയും നിർബന്ധിക്കുന്നില്ല. ടോൾ നൽകുന്നതിനു പകരം സമാന്തര റോഡുകൾ ഉപയോഗി ക്കാവുന്നതാണെന്ന് അറിയിച്ചു. എന്നാൽ 4.8 കിലോമീറ്റർ അല്ല, പാലിയേക്കര മുതൽ അങ്കമാലി വരെ പ്രശ്നമുണ്ടെന്നു ഹർജിക്കാർ അറിയിച്ചു. കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
