
കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന പ്രതി ചുവന്നമണ്ണിൽ ഒളിവിൽ കഴിയുന്നതിനിടെ പീച്ചി പോലീസിന്റെ പിടിയിലായി. നെടുപുഴ സ്‌റ്റേഷൻ ഗുണ്ടയും വിവിധ സ്‌റ്റേഷനുകളിലെ കേസുകളിൽ പ്രതിയും, തൃശ്ശൂർ ഡിഐജി അറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതുമായ മുക്തി മുഹമ്മദ് ഇസ്ര (24) യാണ് പോലീസിന്റെ പിടിയിലായത്. കണിമംഗലം വട്ടപ്പിന്നി പുളിക്കപ്പറമ്പിൽ തുളസിയുടെ മകനാണ് പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇസ്ര ചുവന്നമണ്ണിൽ രഹസ്യമായി വാടകയ്ക്ക് താമസിക്കുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ അനിൽ, സുനിത് എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. എസ്‌ഐ അജയകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ഫ്രിൻസൺ, വികേഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.