
ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി സമ്മേളനം 24-ന് ഡൽഹിയിൽ
ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിമഠത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം 24-ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കും. ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, അടൂർ പ്രകാശ് എംപി, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രധാനമന്ത്രിക്കു സമർപ്പിക്കും. ഗുരുവും ഗാന്ധിജിയും ചിത്രം വിതരണോദ്ഘാടനം ഗോകുലം ഗോപാലൻ നടത്തും.
12.15-ന് ‘ലോകസമാധാനം ശ്രീനാരായണ ഗുരുദേവ ദർശനത്തിലൂടെ’ എന്ന വിഷയത്തിൽ നടത്തുന്ന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ എംപി തുടങ്ങിയവർ പങ്കെടുക്കും. 2.30-ന് ഗുരുദേവ-ഗാന്ധി സമാഗമ ശതാബ്ദി ചരിത്രവും വർത്തമാനകാല പ്രസക്തിയും- ചർച്ചാ സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യും. അറ്റോർണിറ്റി ജനറൽ വെങ്കിട്ടരമണൻ അധ്യക്ഷനാകും. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എ. റഹീം, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ. മനോജ് തുടങ്ങിയവർ പങ്കെടുക്കും.രാവിലെ 9-ന് ശിവഗിരിമഠത്തിലെ സന്ന്യാസിശ്രേഷ്ഠർ നയിക്കുന്ന ജപം, ധ്യാനം, സമൂഹപ്രാർഥന, ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌കാരം എന്നിവയുണ്ടാകും. ഗുരുധർമപ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ശിവഗിരിമഠം പിആർഒ ഇ.എം. സോമനാഥൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


