
കനത്ത മഴയിൽ റെയിൽവേ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. കേരളത്തിലേക്കുള്ള വന്ദേഭാരതടക്കമുളള ദീർഘദൂര ട്രെയിനുകളാണ് വൈകിയോടുകയാണ്. മംഗളൂരുവിനും നേത്രാവതി ക്യാബിനും ഇടയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. മരംമുറിച്ച് നീക്കിയെന്നും നിലവിൽ ഈ വഴി ട്രെയിൻ ഗതാഗതം സുഗമമായി പുരോഗമിക്കുന്നുവെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
ദീർഘദൂര സർവീസുകൾ നടത്തുന്ന ചില ട്രെയിനുകൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നും റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ വൈകിയോടുന്ന 16649 – പരശുറാം എക്‌സ്പ്രസ് നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടിട്ടുണ്ട്. ഒന്നര മണിക്കൂർ വൈകിയോടുന്ന 20631 – മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ചുവിട്ടു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ മണ്ണിടിച്ചിൽ ഭീതിയിലാണ്. ഇതിനിടയിൽ കണ്ണൂരിലെ കൊട്ടിയൂർ, പാൽചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കുന്ന കാസർകോട് ചട്ടഞ്ചാലിലും ചെർക്കളയ്ക്കും ഇടയിൽ മണ്ണിടിഞ്ഞിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവരെ കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം വഴി തിരിച്ചുവിട്ടു.അതേസമയം, മഴ കനത്തതോടെ കൂരിയാട് തകർന്ന ദേശീയപാത കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ദേശീയപാതയിൽ പലയിടങ്ങളിലായി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.
കനത്ത മഴയിൽ കാസർകോട് ജില്ലയിൽ വ്യാപക നാശനഷ്‌ടം. മഞ്ചേശ്വരത്ത് പൊടുന്നനെ റോഡ് ഒലിച്ചുപോയി. മജ്‌വെയിൽ മുകുളി റോഡാണ് ഇടിഞ്ഞ് വീണത്. ഇതിനെ തുടര്‍ന്ന്, റോഡിൽ നിർത്തിയിട്ട കാറും, ബൈക്കും ഒലിച്ചു പോയി. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി.
പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് എന്നീ മേഖലകൾ വെള്ളത്തിനടിയിലാണ്.നിരവധി വീടുകളിലും മസ്‌ജിദുകളിലും വെള്ളം കയറി. യേരിയാലിൽ അഗ്നിരക്ഷാസേനയെത്തി കുടുംബങ്ങളെ ഒഴിപ്പിച്ചു. 15 വീടുകളിൽ വെള്ളം കയറി. അംഗഡി മുഗറിൽ സംസ്ഥാന പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചെയോടെയാണ് മണ്ണിടിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൊഗ്രാലിലും, ഉപ്പളയിലും വീടുകളിൽ വെള്ളം കയറി. ഇതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് ഒഴിപ്പിക്കുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
