January 30, 2026

പറമ്പിക്കുളം കാണാൻ സഞ്ചാരികളുടെ തിരക്ക്

Share this News
പറമ്പിക്കുളം കാണാൻ സഞ്ചാരികളുടെ തിരക്ക്

പുള്ളിമാൻ കൂട്ടവും കാട്ടുപോത്തുമെല്ലാം കാഴ്ചവിരുന്നൊരുക്കുന്ന പറമ്പിക്കുളം കാടകം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മധ്യവേനലവധി ആരംഭിച്ചതു മുതൽ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടേറെ പേർ എത്തുന്നുണ്ട്. പറമ്പിക്കുളം കാടിന്റെ വശ്യത രാജ്യത്തെ മറ്റു കടുവ സങ്കേതങ്ങളിൽ നിന്നു വ്യത്യസ്തമാണ്.തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതം മുതൽ പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാൻ, കേഴമാൻ, കാട്ടി എന്ന കാട്ടുപോത്ത്(ഇന്ത്യൻ ഗോർ), ആന തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യം ഒരിക്കൽ വന്നവരെ വീണ്ടും ഇവിടേക്ക് എത്തിക്കുന്ന ഘടകമാണ്.മുപ്പതിലേറെ കടുവകളുള്ള സംരക്ഷണ മികവിനു പേരു കേട്ട കടുവ സങ്കേതമാണു പറമ്പിക്കുളം. നാനൂറ്റിയറുപതിലേറെ വർഷത്തിന്റെ പഴമയുടെ പെരുമയുള്ള കന്നിമാര തേക്ക് സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. 7.02 മീറ്റർ വണ്ണവും 39.98 മീറ്റർ ഉയരവും ഉള്ള കന്നിമാര തേക്ക് ലോകത്തെ തന്നെ ഏറ്റവും പഴക്കവും വലുപ്പവുമുള്ളതെന്നു കരുതുന്നു. 1994–95 വർഷം ഭാരത സർക്കാരിന്റെ മഹാവൃക്ഷ പുരസ്കാരം ഇൗ തേക്കിനു ലഭിച്ചിട്ടുണ്ട്.

ആനപ്പാടിയിൽ നിന്നു പറമ്പിക്കുളം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെയുള്ള ഡാം വ്യൂ പോയിന്റിൽ നിന്നു നോക്കിയാൽ നിത്യഹരിത വനങ്ങൾക്കിടയിലായി തൂണക്കടവ് അണക്കെട്ടിലെ വെള്ളക്കെട്ട് പച്ചപ്പിൽ തീർത്ത മനോഹര ചിത്രം പോലെ മനസ്സിൽ പതിഞ്ഞു കിടക്കും. കാടിന്റെ വന്യതയും പച്ചപ്പും ഒരുമിച്ചു കാണാൻ കഴിയുന്ന വാലി വ്യൂ പോയിന്റും സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. പഞ്ചായത്തിലെ ഒരു വാർഡിനകത്തു സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നിവയും ഇവിടത്തെ ആകർഷണീയതയാണ്.മീൻ പിടിക്കാനായി ആദിവാസികൾ മുളകൾ കൊണ്ടു നിർമിച്ച ചങ്ങാട(പോണ്ടി)ത്തിൽ ഡാമിൽ പോകുന്നതും ഒരു വേറിട്ട കാഴ്ചയാണ്. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പിന്റെ വാഹനത്തിലാണ് സഞ്ചാരികളെ സഫാരിയ്ക്കായി കൊണ്ടുപോകുക.

കുടുംബത്തോടെയെത്തി താമസിക്കുന്നവർക്കായി പ്രത്യേക സൗകര്യങ്ങളും പാക്കേജുകളും വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പ്രത്യേകം ബുക്കിങ് സംവിധാനമുണ്ട്. സഞ്ചാരികൾക്കൊപ്പം സഞ്ചരിച്ചു പറമ്പിക്കുളത്തെക്കുറിച്ചുള്ള വിവരങ്ങൾ പകർന്നു നൽകുന്നതിന് കാടർ, മലയർ, മലമലശർ, മുതുവാന്മാർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപെട്ടവർക്കു പരിശീലനം നൽകി ഗൈഡുമാരാക്കിയിട്ടുണ്ട്.കാടിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയുള്ള കാടിന്റെ മക്കളോടൊപ്പ‌മുള്ള സഞ്ചാരം സുരക്ഷിതത്വം നൽകുകയും ചെയ്യും. രാവിലെ ഏഴര മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു മണി വരെയാണ് സഞ്ചാരികൾക്കു പറമ്പിക്കുളത്തേയ്ക്കു പ്രവേശനം ഉണ്ടാവുക.പറമ്പിക്കുളം കേരളത്തിലാണെങ്കിലും തമിഴ്നാട്ടിലൂടെ മാത്രമേ എത്താൻ കഴിയുകയുള്ളൂ. ജില്ലാ ആസ്ഥാനമായ പാലക്കാട് നിന്നു പുതുനഗരം–മീനാക്ഷിപുരം വഴി അമ്പ്രാംപാളയം സുങ്കത്തെത്തി സേത്തുമടയിലേക്കു പോകണം.

സേത്തുമടയിൽ തമിഴ്നാട് ചെക്ക്പോസ്റ്റ് കടന്ന് ആനമല കടുവ സങ്കേതത്തിലൂടെ ടോപ്സ്ല‌ിപ്പ് എന്ന ഹിൽ സ്റ്റേഷൻ കണ്ട് പറമ്പിക്കുളത്ത് എത്താം. തൃശൂർ ഭാഗത്ത് നിന്നും വരുന്നവർക്കു വടക്കഞ്ചേരി–നെന്മാറ–കൊല്ലങ്കോട്–ഗോവിന്ദാപുരം വഴി സുങ്കത്തെത്തി സേത്തുമടയിലേക്കു പോകാം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!