
പാലിയേക്കര ടോൾ പിരിവ്; പിരിവ് ന്യായീകരിക്കാനാണ് ദേശീയപാത അതോറിറ്റിക്ക് തിരക്കെന്ന് ആക്ഷേപം
മണ്ണുത്തി ഇടപ്പള്ളി ദേശീയപാത നിർമാണത്തിൽ ചെലവായ തുകയും ലാഭവും കിട്ടിയതിനാൽ 2026ൽ ടോൾ പിരിവ് കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കരാർ കമ്പനിയെ ന്യായീകരിക്കാനാണ് ദേശീയപാത അതോറിറ്റിക്ക് തിരക്കെന്ന് ആക്ഷേപം. 2028 വരെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്നും നിരന്തരം കരാർ ലംഘനങ്ങൾ നടത്തുന്ന കമ്പനിയുടെ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ.കോടങ്കണ്ടത്ത്, അഭിഭാഷകനായ കെ.സി.ഗംഗേഷ് മുഖാന്തരം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിലേക്ക് ദേശീയപാത അതോറിറ്റി കോടതിയിലേക്ക് നൽകിയിട്ടുള്ള മറുപടിയിലാണ് ടോൾ പിരിവ് നിർത്തി വയ്ക്കുന്നത് പ്രായോഗികമല്ലെന്നുള്ള സൂചനകൾ നൽകിയത്. ചെലവായ സംഖ്യയും പിരിച്ചെടുത്ത തുകയുടെയും കണക്ക് അതോറിറ്റിയോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. കാലാവധിയും ടോൾ നിരക്ക് വർധനയും കുറയ്ക്കാൻ പറ്റില്ലെന്നു മാത്രമല്ല, കരാർ റദ്ദാക്കിയാൽ ഭാവിയിൽ പൊതുമേഖലാ കരാറുകളിൽ സ്വകാര്യവ്യക്തികൾ പങ്കെടുക്കുന്നത് കുറയുമെന്ന ആശങ്കയും മറുപടിയിൽ പറയുന്നുണ്ട്. കേസ് വേനലവധിക്കു ശേഷം വാദം കേൾക്കുവാൻ മാറ്റിവച്ചു..
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

