
മുടിക്കോട് സെന്ററിലെ യു ടേൺ സ്ഥിരമായി അടച്ചു പൂട്ടാൻ ശ്രമം.നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും രാഷ്ട്രീയ നേതാക്കളും നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു
മുടിക്കോട് സെന്ററിലെ
യു ടേൺ സ്ഥിരമായി അടച്ചുപൂട്ടാനുള്ള നിർമ്മാണ കമ്പനി തൊഴിലാളികളുടെ നീക്കത്തെ നാട്ടുകാർ തടഞ്ഞു.പ്രദേശത്തെ ഓട്ടോ തൊഴിലാളികളും, നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞത്. കഴിഞ്ഞ ദിവസം ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടതിനെ തുടർന്നാണ് ഇരുഭാഗത്തേക്കുമുള്ള പ്രവേശനം താൽക്കാലികമായി അടച്ചത്.എന്നാൽ ഇത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇന്ന് ഈ ഭാഗത്ത് കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ച് അടച്ചുപൂട്ടാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടർന്ന് പീച്ചി പോലീസ് എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രാഷ്ട്രീയ നേതാക്കളും നാട്ടുകാരുമായി ചർച്ച നടത്തിയതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു.പാണഞ്ചേരി പഞ്ചായത്ത് ഉൾപ്പെടെ സമീപ പഞ്ചായത്തുകളിൽ നിന്നും മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ടവർ ആശ്രയിക്കുന്നത് മുടിക്കോട് നിന്നും ചാത്തംകുളം വഴിയിലൂടെ കടന്നുപോകുന്ന പ്രധാന പാതയെയാണ്.എന്നാൽ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നും മുടിക്കോട് സെന്ററിൽ എത്രയും വേഗം അടിപ്പാത നിർമ്മിക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് പറഞ്ഞു. അല്ലാത്തപക്ഷം സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും അഭിലാഷ് പറഞ്ഞു.കൂട്ടാല ഭാഗത്ത് നിന്നും മുടിക്കോട്,
ചെമ്പൂത്ര,താളിക്കോട്, പട്ടിക്കാട്,പീച്ചി തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പുതിയ ഗതാഗത നിയന്ത്രണം ഏറെ ദുരിതത്തിലാക്കി. പാലക്കാട് ഭാഗത്തേക്കുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന റേഷൻ കടയിൽ പോയി തിരികെ വരുന്നവർക്ക് 45 രൂപ ഓട്ടോ കൂലി നൽകിയിരുന്നിടത്ത് 150 രൂപയോളം കൊടുക്കേണ്ട സ്ഥിതിയിലാണെന്ന് മുൻ പഞ്ചായത്ത് അംഗം എം.എസ് കുഞ്ഞപ്പൻ പറഞ്ഞു.മേഖലയിൽ രണ്ട് യു ടേണുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചാൽ താൽക്കാലിക പരിഹാരമാകുമെന്ന് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 26-ാം തിയതി
പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ
പഞ്ചായത്തിൽ ചർച്ച വെച്ചിട്ടുണ്ടെന്ന് പീച്ചി പോലീസ് അറിയിച്ചു. ഇതിനുശേഷം അടുത്ത നടപടികൾ കൈക്കൊള്ളും.
പ്രാദേശിക വാർത്തകൾ what’sapp ൽ ലഭിക്കുന്നതിന് click ചെയ്യുക👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
