
പാലിയേക്കരയിലെ ടോൾ പിരിവ്; കണക്കുകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്നു ടോൾ കമ്പനിക്കു ഹൈക്കോടതിയുടെ അന്ത്യശാസനം.
ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട കണക്കുകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്നു ടോൾ കമ്പനിക്കു ഹൈക്കോടതിയുടെ അന്ത്യശാസനം. റോഡ് നിർമാണത്തിനു ചെലവായ തുക, ടോൾ പിരിവിലൂടെ ലാഭമായി പ്രതീക്ഷിക്കുന്ന തുക എന്നിവ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ച തീയതി പിന്നിട്ട് ഒന്നര മാസമായിട്ടും കണക്കുകൾ സമർപ്പിക്കാത്ത സാഹചര്യത്തിലാണു കോടതിയുടെ ഇടക്കാല ഉത്തരവ്
ഏഴിനകം രേഖകൾ നൽകിയില്ലെങ്കിൽ കണക്കു പരിഗണിക്കാതെ തന്നെ ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി.
പാലിയേക്കരയിലെ ടോൾ പ്ലാസയിൽ ടോൾ പിരിവിനുള്ള കാലാവധി 2026 വരെ ആയിരുന്നെങ്കിലും 2028ലേക്കു നീട്ടി നൽകിയിരുന്നു. കരാർ കമ്പനിക്കു ന്യായമായ ലാഭം ലഭിച്ചു കഴിഞ്ഞിട്ടും ടോൾ പിരിവു തുടരുന്നതു തടയണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി ഷാജി ജെ.കോടങ്കണ്ടത്തു ഹൈക്കോടതിയെ സമീപിച്ചു.ജസ്റ്റിസ് എ.മുഹമ്മദ് മുസാഖ്, പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജിക്കാരൻ്റെ വാദം കേട്ടശേഷം കരാർ കമ്പനിക്കാരോടു ടോൾ പിരിവിൻ്റെ കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
ഫെബ്രുവരി 22നു കണക്കു സമർപ്പിക്കാനായിരുന്നു നിർദേശം. പിന്നീടു രണ്ടു തവണ കേസ് വാദത്തിനെത്തിയപ്പോഴും കരാർ കമ്പനി കണക്കു നൽകിയില്ല. ഇതോടെയാണു ഹൈക്കോടതി അന്തിമ നിർദേശം നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

