
നടത്തറ പഞ്ചായത്തിൽ ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു .ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രതീക്ഷയായി നടത്തറ ഗ്രാമ പഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. നടത്തറ പഞ്ചായത്ത് അധീനതയിലുള്ള ജൂബിലി മന്ദിരത്തിൽ പ്രവര്‍ത്തനമാരംഭിച്ച സ്പർശം ബഡ്സ് സ്‌കൂളിന്റെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ആദ്യത്തെ ബഡ്സ് സ്‌കൂളാണിത്. നൂറോളം കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഫിസിയോതെറാപ്പി ചെയ്യാനുള്ള സൗകര്യവുമുണ്ട്. നിലവിൽ 18 വയസ്സിന് താഴെയുള്ള 10 കുട്ടികളാണ് പ്രവേശനം നേടിയത്. 2020ൽ നിർമ്മാണം പൂർത്തിയായെങ്കിലും കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. രണ്ട് വർഷത്തിന് ശേഷമാണ് ഐക്യനഗറിലുള്ള സ്പെഷ്യൽ സ്കൂളിലെ ആദ്യ ബാച്ച് പ്രവർത്തനം ആരംഭിച്ചത്.

അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ്, ഡിസേബിള്‍ഡ് ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ബഡ്സ് സ്‌കൂളില്‍ ഉണ്ട്. കുടുംബശ്രീ ജില്ലാ മിഷൻ 12 ലക്ഷം രൂപയുടെ ഫർണീച്ചറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്പർശം ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിന് നൽകിയിരുന്നു.സർക്കാരിൽ നിന്ന് അനുകൂല്യങ്ങൾ ലഭിക്കുന്നതിനനുസരിച്ച് കുട്ടികള്‍ക്കായുള്ള വരുമാനദായക തൊഴില്‍ പരിശീലന പരിപാടികളായ ചവിട്ടി, പാള, മെഴുകുതിരി നിർമാണം, നക്ഷത്ര നിർമ്മാണം, സീസണൽ ചിപ്സ്, കേക്ക് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം ആരംഭിക്കുമെന്ന് ബഡ്സ് സ്കൂൾ അധ്യാപിക റാണി പറഞ്ഞു.

നടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു കീഴിലുള്ള സ്പർശം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവേശനോത്സവത്തിൽ വൈസ് പ്രസിഡന്റ് പി ആർ രജിത് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ് എസ് സി നിർമൽ, പൂജ രമേഷ് എന്നിവർ മുഖ്യാതിഥികളായി. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ജീജ ജയൻ, വാർഡ് മെമ്പർമാർ, കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ എസ് ശോഭിനി, ബഡ്‌സ് സ്കൂളിലെ കുട്ടികൾ, മാതാപിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.