January 29, 2026

മദ്യപിച്ച് ബസ് ഓടിച്ച 9 ഡ്രൈവർമാർ അറസ്റ്റിൽ

Share this News

മദ്യപിച്ച് ബസ് ഓടിച്ച 9 ഡ്രൈവർമാർ അറസ്റ്റിൽ. തൃശൂർ നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തൃശൂർ സിറ്റി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 9 ബസ് ഡ്രൈവർമാർ അറസ്റ്റിലായി. തൃശൂർ നഗരത്തിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ മിന്നൽ പരിശോധനക്ക് ഉത്തരവിട്ടത്. തൃശൂർ എസിപി കെ.കെ. സജീവ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ശക്തൻ നഗർ, വടക്കേച്ചിറ ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിലാണ് 9 ബസ് ഡ്രൈവർമാർ പിടിയിലായത്.അനൂപ് ,സബിൻ,ഗോകുൽ ,കിഷോർ തോമസ്സ് , റിയാസ്,സുധീർ ,ജോർജ്ജ്,വിപിൻ ,സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയപ്പോൾ ഇവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ബസ് ഓടിക്കുന്നു എന്ന പരാതികൾ വ്യാപകമാണ്. സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ മത്സരയോട്ടവും, ബസ് തൊഴിലാളികൾ തമ്മിലുള്ള തർക്കങ്ങളും പതിവാണ്. സ്വകാര്യബസ്സുകളുടെ അമിതവേഗതയും, ഡ്രൈവർമാരുടെ അജാഗ്രതയും മൂലമുണ്ടാകുന്ന അപകടങ്ങളും ഏറിവരികയാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പ് തൃശൂർ ശക്തൻ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിന്റെ ചില്ലുകൾ മറ്റൊരു ബസ്സിലെ ജീവനക്കാരൻ തല്ലിയുടച്ച സംഭവവും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. തൃശൂർ നഗരത്തിൽ തുടങ്ങിവെച്ച മിന്നൽ പരിശോധന വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ബസ് സ്റ്റാൻഡുകളിലേക്കും, റോഡുകളിലേക്കും വ്യാപിപ്പിക്കും.

error: Content is protected !!