
പള്ളിക്കണ്ടം അപകട വളവിലെ ബസ് സ്‌റ്റോപ്പ്; പൊതുമരാമത്ത് മന്ത്രിക്കും റോഡ് സുരക്ഷ അതോറിറ്റിക്കും കളക്ടർക്കും യുത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി.
മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പള്ളിക്കണ്ടം സെന്ററിൽ വളവിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബസ് സ്‌റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും, കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനും റോഡ് സുരക്ഷ കമ്മീഷണർക്കും ജില്ലാ കളക്ടർക്കും യുത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി പരാതി നൽകി.
റോഡ് സുരക്ഷ മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽ പറത്തി തികച്ചും അശാസ്ത്രീയമായി നടത്തുന്ന ഈ ബസ് സ്‌റ്റോപ്പ് നിർമ്മാണം പ്രദേശത്ത് അപകടങ്ങൾക്ക് ഇടയാക്കും. വളവിൽ ബസ് സ്‌റ്റോപ്പ് നിർമ്മിക്കുന്നതിലാണ് പരാതി എന്നും അവിടെ നിന്ന് അൽപ്പ ദൂരം മാറ്റി സ്ഥാപിക്കാൻ തയ്യാറാകണമെന്നും, അപകട വളവ് നേരെയാക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള സ്ഥാനത്താണ് ബസ് സ്‌റ്റോപ്പ് നിർമ്മിക്കുന്നതെങ്കിൽ അപകടങ്ങൾ സംഭവിച്ചാൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് നിർമ്മാണ സമയത്ത് ചുമതല വഹിച്ചിരുന്ന എഞ്ചിനീയർമാർ, നിർമ്മാണ കമ്പനിക്കാർ എന്നിവരെ പ്രതിചേർത്ത് കേസെടുക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ഷൈജു കുരിയൻ, ശ്രീജു സി.എസ്, ജിസൺ സണ്ണി എന്നിവർ പരാതി നൽകിയ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

