
കേരള വന നിയമ ഭേദഗതി ബിൽ 2024; ഭേദഗതികൾ നിർദേശിച്ച് കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ്
കേരള വന നിയമ ഭേദഗതി ബിൽ 2024 അടിയന്തരമായി പിൻവലിക്കുകയോ ബില്ലിലെ ജനവിരുദ്ധ നയങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്യണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് വനം വകുപ്പിന് ഭേദഗതികൾ നിർദേശിച്ചു. ഡിസംബർ 31 വരെ ആയിരുന്നു പൊതുജനങ്ങൾക്ക് ഭേദഗതി നിർദ്ദേശിക്കാനുള്ള സമയ പരിതി
കേരള വന നിയമം 1961-ലെ വ്യവസ്ഥകളിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ലക്ഷ്യമിടുന്ന കേരള വന നിയമ (ഭേദഗതി) ബിൽ, 2024, പരിസ്ഥിതി സംരക്ഷണത്തിനും വനം ഭരണ സംവിധാനങ്ങൾ സുഗമമാക്കുന്നതിനും വേണ്ടി രൂപീകരിച്ചുവെന്ന് അവകാശപ്പെടുന്നു. എന്നാൽ ഈ ഭേദഗതികൾ ഭരണചൂഷണത്തിനും സാമൂഹിക അസ്ഥിരതയ്ക്കും വഴിവെക്കുമെന്ന് വ്യക്തമാണ്.
വനം വകുപ്പിന്റെ സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനത്തിൽ പ്രവേശിക്കുകയോ, വിറക് ശേഖരിക്കുകയോ ചെയ്താൽ 1000 രൂപ വരെയായിരുന്നു ഇതുവരെ വനം വകുപ്പിന് ചുമത്താവുന്ന പിഴ. എന്നാൽ, ഇത്തരം കുറ്റകൃത്യങ്ങൾക്ക് വനം വകുപ്പ് പലപ്പോഴും പിഴ ചുമത്താറില്ല. എന്നാൽ, പുതിയ നിയമം വരുന്നതോടെ ഈ പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വിറക് എടുക്കുന്നതും വലിയ പിഴചുമത്താവുന്ന കുറ്റമായി മാറും. ഇത് വനത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന ആദിവാസി സമൂഹങ്ങൾക്കും മലയോര മേഖലയിൽ കൃഷി ചെയ്യുന്ന മലയോര കർഷകർക്കും വലിയ രീതിയിൽ ദോഷം ചെയ്യും
വനം ഉദ്യോഗസ്ഥർക്കുള്ള അധിക അധികാരങ്ങൾ അധികാര ദുർവിനിയോഗത്തിനും മനുഷ്യാവകാശ ലംഘനത്തിനും വഴി ഒരുക്കുന്ന രീതിയിലാണ്. ആവശ്യമായ മേൽനോട്ട സംവിധാനം ഇല്ലാതെ ഈ അധികാരങ്ങൾ നടപ്പാക്കുന്നത് വിവേചനത്തിന് ഇടവരുത്തും.
വനാതിർത്തിയിലെ 430 പഞ്ചായത്തുകളിലെ1 കോടി 30 ലക്ഷം ജനങ്ങളെ കുടിയൊഴിപ്പിക്കാനും ,വന്യ ജീവി അക്രമണത്തിന് വിധേയരാക്കപ്പെടുന്ന രീതിയിൽ വിട്ടുകൊടുക്കാനും സഹായിക്കുന്ന വനഭേദഗതി ബില്ല് പിൻവലിക്കുക.
പുതിയ നിയമ ഭേദഗതിയിൽ ജനവിരുദ്ധമായതും മാറ്റേണ്ടതുമായ വകുപ്പുകൾ താഴെ കൊടുക്കുന്നു.
നിർദേശങ്ങൾ:——————————–
1. സെക്ഷൻ 2C യിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിർവചനത്തിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ട്രൈബൽ വാച്ചർ, വാച്ചർ എന്നിവരെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ PSC വഴി നിയമനം നേടുന്നവർ ആണെങ്കിലും, വാച്ചർ, ട്രൈബൽ വാച്ചർ എന്നിവരിൽ ബഹുഭൂരിപക്ഷവും PSC വഴിയല്ലാതെ താൽക്കാലിക നിയമനം വഴി വരുന്നവരാണ്. അത്തരക്കാരെ ഫോറസ്റ്റ് ഓഫീസർമാരായി കണക്കാക്കുന്നത് അംഗീകരിക്കാൻ ആവില്ല. എന്ന് മാത്രമല്ല കേരള വന നിയമത്തിലും, കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലടക്കം പല അധികാരങ്ങളും നല്കിയിരിക്കുന്നതു ഫോറെസ്റ് ഉദ്യോഗസ്ഥർ എന്ന നിർവചനത്തിൽ വരുന്നവർക്കാണ്. PSC വഴി സ്ഥിര നിയമനം നേടി കൃത്യമായ പരിശീലനം നേടി വരുന്നവരെ മാത്രമേ ഫോറെസ്റ് ഓഫീസർ എന്ന നിർവചനത്തിൽ ഉൾപെടുത്താൻ പാടുള്ളൂ. ആയതുകൊണ്ട് വാച്ചർ, ട്രൈബൽ വാച്ചർ എന്നിവരെ ഫോറെസ്റ് ഓഫീസർ എന്ന നിർവചനത്തിൽ നിന്നും ഒഴിവാക്കുക.
2. ഈ നിയമ ഭേദഗതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിക്കുന്ന ഭാഗത്ത് പുഴ എന്നതിന്റെ നിർവചനത്തിൽ ഫോറസ്റ്റിനു അകത്തുകൂടെ ഒഴുകുന്ന പുഴ മാത്രമല്ല ഫോറസ്റ്റിലേക്ക് ഒഴുകിയെത്തുന്ന പുഴ എന്നും കൂടെ പറഞ്ഞിരിക്കുന്നു. കേരളത്തിലെ പല പുഴകളും ജനവാസ കേന്ദ്രങ്ങളിലും വനത്തിലും ഒക്കെ കയറിയിറങ്ങിയാണ് ഒഴുകുന്നത്. അങ്ങനെയുള്ള മുഴുവൻ പുഴകളിലും ഫോറസ്റ്റ് വകുപ്പിന്റെ അധികാരം ഉറപ്പിക്കാനുള്ള കുറുക്കു വഴിയാണ് ഈ നിയമ ഭേദഗതി. പുഴ എന്നതിന്റെ നിർവചനത്തിൽ പൂർണ്ണമായും ഫോറസ്റ്റിലൂടെ ഒഴുകുന്ന പുഴയുടെ ഭാഗം മാത്രം എന്ന് നിജപ്പെടുത്തണം. ഫോറസ്ററ് അതിർത്തിയിലൂട ഒഴുകുന്ന പുഴകളിൽ പഞ്ചായത്തുകൾക്ക് മാത്രമായിരിക്കണം അധികാരം.
3. സെക്ഷൻ 52 പ്രകാരം ഫോറസ്റ്റ് വകുപ്പിലെ ഏറ്റവും താഴെത്തട്ടിൽ ഉള്ള ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് അടക്കം വെറും സംശയത്തിന്റെ പുറത്ത് ആരുടെ വീട്ടിലും കയറി പരിശോധന നടത്താനും, വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുവാനുമുള്ള അനിയന്ത്രിതമായ അധികാരം നൽകിയിരിക്കുന്നു. ഇത് വളരെ ഗുരുതരമായ അധികാരം ദുർവിനിയോഗത്തിന് വഴിവയ്ക്കുന്നതായത് കൊണ്ട് വനത്തിന് വെളിയിലുള്ള വീടുകളിലും മറ്റു കെട്ടിടങ്ങളിലും പരിശോധന നടത്തുമ്പോൾ DFO / ACF റാങ്കിലോ അതിനു മുകളിലുള്ളവരോ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിൽ മാത്രം പരിശോധന അനുവദിക്കുക. അത്തരം പരിശോധനയിൽ പങ്കെടുക്കാനുള്ള അധികാരം ഫോറെസ്റ് ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തുക.
4. സെക്ഷൻ 52 പ്രകാരം വാഹന പരിശോധന സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെയോ /SI റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരുടെയോ സന്നിധ്യത്തിൽ മാത്രമായി നിജപ്പെടുത്തുക.
5. സെക്ഷൻ 63ൽ വാറന്റില്ലാതെ ആരെയും സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അറസ്റ്റ് ചെയ്യാനുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മുതൽ മുകളിലേക്ക് നൽകിയിരിക്കുന്നു. ഈ അധികാരം നൽകിയിരിക്കുന്നത് വനത്തിനുള്ളിൽ മാത്രമല്ല എവിടെ വെച്ചും ആരെയും അറസ്റ്റ് ചെയ്യാനാണ് അധികാരം നൽകിയിരിക്കുന്നത്.
ഈ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ പറ്റി പറയുന്ന ഭാഗത്ത് നാലാമത്തെ പോയിന്റിൽ പറയുന്നത് വനത്തിനുള്ളിൽ വച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാനും അറസ്റ്റ് നടത്താനും വനത്തിന് വെളിയിൽ വന്നു മജിസ്‌ട്രേട്ടിന്റെയോ അല്ലെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരുടെയോ അനുമതി വാങ്ങി അറസ്റ്റ് ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് താഴെത്തട്ടിൽ ഉള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അത്തരം അറസ്റ്റ് ചെയ്യാൻ അനുമതി നൽകേണ്ടതുണ്ട് എന്നാണ്.
വനത്തിനുള്ളിൽ വച്ച് കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ വാറണ്ട് ഇല്ലാതെ അറസ്റ്റ് നടത്തുന്നതിൽ നാട്ടുകാർക്ക് എതിർപ്പുമില്ല. പക്ഷേ വനത്തിനുള്ളിൽ വച്ച് കുറ്റകൃത്യങ്ങൾ തടയാൻ എന്ന് പറഞ്ഞുകൊണ്ട് എന്തിനാണ് ഫോറസ്റ്റ് വകുപ്പിലെ ഏറ്റവും താഴെത്തട്ടിൽ ഉള്ള ഉദ്യോഗസ്ഥർക്കു നാട്ടിൽ എവിടെ വച്ചും വീട്ടിൽ അതിക്രമിച്ചു കയറിയും വെറും സംശയത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്നത്?
കുറ്റാരോപിതൻ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്ന കുറ്റസമ്മതമൊഴി ഒരു ക്രിമിനൽ കേസിലും സ്വീകാര്യമല്ല എന്നതാണ് തെളിവു നിയമത്തിലെ ഒരു സുപ്രധാന നിലപാട്. പഴയ തെളിവു നിയമം 27-ാം വകുപ്പും പുതിയ ഭാരതീയ സാക്ഷ്യ അധിനീയം 23-ാം വകുപ്പും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ചക്ഷേ 1989 ലെ ഒരു കേരള ഹൈക്കോടതി വിധി പ്രകാരം ഫോറസ്റ്റ് ഉദ്യോഗസ്ഥർ രേഖപ്പെടു ത്തുന്ന കുറ്റസമ്മതമൊഴി തെളിവായി സ്വീകരിക്കാമെന്ന് പറയുന്നുണ്ട്. വനത്തിനകത്ത് സ്വതന്ത്രസാക്ഷികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ് ഇപ്രകാരമൊരു ആനുകൂല്യം കോടതി വിധിയിലൂടെ ഉണ്ടാവാനുള്ള കാരണം.
ഈ ഭേദാഗതിയിൽ പറയുന്നത് പോലെ അനിയന്ത്രിത അധികാരം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകപ്പെട്ടാൽ അത് ഉപയോഗിച്ച് ആളുകളെ അറസ്റ്റ് ചെയ്യുകയും അവരെ മർദ്ദിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്താൽ അത് അവർക്കെതിരെ ഒരു സാധുവായ തെളിവായി കോടതി യിൽ സ്വീകരിക്കപ്പെടുമെന്ന അവസ്ഥ ഭീതികരമാണ്. ഇത് ഭരണഘടന ഉറപ്പു തരുന്ന മൗലികാവകാ ശങ്ങളുടെ നഗ്നമായ ലംഘനമായി മാറും. ഒരു പരിഷ്‌കൃത സമൂഹത്തിലും ഇത്തരം കിരാത നിയമങ്ങൾ അനുവദിക്കാൻ സാധ്യമല്ല.
ആയതു കൊണ്ട്, വനത്തിന് വെളിയിൽ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് DFO / ACF റാങ്കോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായി നിജപ്പെടുത്തുക.
6. സെക്ഷൻ 63.2 ഭേദഗതി പ്രകാരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാർക്ക് തങ്ങളുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകിയിരിക്കുന്നു. (ഇങ്ങനെ അധികാരം നൽകപ്പെടുന്ന SFO മാരിൽ മൂന്നിൽ ഒന്നു പേർക്കും വേണ്ടത്ര യോഗ്യത ഇല്ല എന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്) നിലവിൽ ഇത് പോലീസിന് മാത്രം നൽകിയിരിക്കുന്ന അധികാരമാണ്. ഫോറെസ്റ്റ്കാർക്ക് ക്രമസമാധാനത്തിനുള്ള അധികാരം നൽകുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കരണമാവുന്നതും പോലീസിന്റെ മനോവീര്യം തകർക്കുന്നതുമാണ്. ആയതുകൊണ്ട് ഈ ഭാഗം പൂർണമായും റദ്ധ് ചെയ്യുക.
7. സെക്ഷൻ 63.3 ഭേദഗതി പ്രകാരം ഫോറസ്റ്റ് വകുപ്പ് അറസ്റ്റ് ചെയ്യുന്ന ആളെ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഫോറസ്റ്റ് സ്റ്റേഷനിലോ എത്തിക്കണമെന്ന് പറയുന്നു. നിലവിലെ നിയമപ്രകാരം ഫോറസ്റ്റ് വകുപ്പ് അറസ്റ്റ് ചെയ്താൽ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കേണ്ടതാണ്. പോലീസ് സ്റ്റേഷന്റെ പുറമേ ഫോറസ്റ്റ് സ്റ്റേഷനും കൂടെ ഉൾപ്പെടുത്തിക്കൊണ്ട് ഫോറസ്റ്റ് വകുപ്പിന് ലോക്കപ്പ് മർദ്ദനത്തിനുള്ള ലൈസൻസ് നൽകുന്ന ഈ ഭേദഗതി പിൻവലിച്ചു കൊണ്ട് ഫോറസ്റ്റ് വകുപ്പ് അറസ്റ്റ് ചെയ്യുന്ന ആളുകളെ ഉടൻതന്നെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം എന്ന് വ്യവസ്ഥ പുനസ്ഥാപിക്കുക.
8. സെക്ഷൻ 63.4 പ്രകാരം ഈ നിയമ പ്രകാരമുള്ള എല്ലാ അറസ്റ്റുകളും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS 2023) പ്രകാരം നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്. BNSS 2023 സെക്ഷൻ 35 പ്രകാരം പോലീസ് ഓഫിസേഴ്‌സിന് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പറ്റുന്നത് കോഗ്നിസമ്പിൾ കുറ്റകൃത്യങ്ങൾക്ക് മാത്രമാണ് (ഗുരുതരമായതും, പൊതുവെ മൂന്നുവര്ഷത്തിൽ കൂടുതൽ തടവ് ശിക്ഷ കിട്ടാവുന്നതും, മജിസ്‌ട്രേറ്റിനു മാത്രം ജാമ്യം നല്കാൻ പറ്റുന്നതുമായ കുറ്റ കൃത്യങ്ങളാണ് കോഗ്നിസമ്പിൾ കുറ്റങ്ങൾ ( ഷെഡ്യൂൾ 1 , BNSS 2023). എന്നാൽ ഈ നിയമ ഭേദഗതിയുടെ 63.2 സെക്ഷൻ പറയുന്നത് BFO മുതൽ മുകളിലേക്കുള്ള എല്ലാ ഫോറെസ്റ് ഓഫീസേഴ്സിനും കോഗ്നിസമ്പിൾ ആണെങ്കിലും അല്ലെങ്കിലും ഏതു ഫോറെസ്റ് കുറ്റത്തിന്റെ പേരിലും ആരെ വേണെമെകിലും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം എന്നാണ്. ഇത് കേന്ദ്ര നിയമമായ BNSS 2023 നു വിരുദ്ധമാണ്. ആയതുകൊണ്ടു തന്നെ നിലനിൽക്കുന്നതല്ല.
9. സെക്ഷൻ 69.2 ഭേദഗതി പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയെ അയാൾ ഏതെങ്കിലും ഫോറസ്റ്റ് ഉൽപ്പന്നം കയ്യിൽ വച്ചു എന്ന കുറ്റം പറഞ്ഞ് അറസ്റ്റ് ചെയ്താൽ അയാൾ ആ ഫോറസ്റ്റ് ഉൽപ്പന്നം കയ്യിൽ വച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണ് എന്നും അയാൾ കുറ്റം ചെയ്തു കഴിഞ്ഞു എന്നു കരുതാവുന്നതാണ് എന്നും അതങ്ങനെയല്ല എന്ന് തെളിയിക്കേണ്ടത് അറസ്റ്റ് ചെയ്യപ്പെട്ട ആളോട് ഉത്തരവാദിത്വമാണ് എന്നും എഴുതി വച്ചിരിക്കുന്നു. കുറ്റം തെളിയിക്കപ്പെടുന്നത് വരെ എല്ലാവരും നിരപരാധികളാണ് എന്ന അടിസ്ഥാന നിയമ തത്വത്തിന്റെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിമിനൽ കേസുകളിൽ കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്വമാണ്. അങ്ങനെ തെളിയിക്കപ്പെടുന്നത് വരെ എല്ലാ കുറ്റാരോപിതരും നിരപരാധികൾ തന്നെയാണ്, ഫോറസ്റ്റ് വകുപ്പിന് വേണ്ടി മാത്രം ഇത്തരം അടിസ്ഥാനപരമായ നിയമ തത്വങ്ങൾ ലംഘിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അതുകൊണ്ട് സെക്ഷൻ 69.2 പൂർണ്ണമായും പിൻവലിച്ചേ തീരൂ.
10. സെക്ഷൻ 72.2 ഭേദഗതി പ്രകാരം റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കോ അതിനു മുകളിലുള്ള ഏതൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും ഏതെങ്കിലും ഒരു ഉൽപ്പന്നം വന ഉൽപ്പന്നമാണോ എന്ന് സർട്ടിഫൈ ചെയ്യാനുള്ള അധികാരം നൽകിയിരിക്കുന്നു. അങ്ങനെ സർട്ടിഫൈ ചെയ്തു കഴിഞ്ഞാൽ കേരള വന നിയമപ്രകാരമുള്ള എല്ലാ നിയമ നടപടികൾക്കും ആ സർട്ടിഫിക്കറ്റ് ആധികാരിക രേഖയാക്കി ഉപയോഗിക്കാം എന്നും പറയുന്നു. വളരെ വലിയ രീതിയിൽ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ള ഒരു നിയമ ഭേദഗതി ആണിത്. നാട്ടുകാർ സ്വന്തം പറമ്പിലെ മരം വെട്ടി ലോറിയിൽ കൊണ്ടുപോകുമ്പോൾ വഴിയിൽ വച്ച് വാഹനം പിടിച്ചെടുത്തു ഇത് ഫോറസ്റ്റിൽ നിന്ന് വെട്ടിയ മരമാണ് എന്ന് പറഞ്ഞു റേഞ്ച് ഫോറസ്റ്റ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകി കേസ് ചാർജ് ചെയ്താൽ മൂന്നുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റത്തിൽ നാട്ടുകാർ പ്രതികളാവും എന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. തടിയുടെ കാര്യത്തിൽ മാത്രമല്ല തേൻ അടക്കം വലിയ തോതിൽ നാട്ടുകാർ ഉപയോഗിക്കുന്ന വനത്തിലും നാട്ടിലും ഒരുപോലെ ലഭ്യമായ ഏതു ഉല്പന്നത്തിന്റെ കാര്യത്തിലും ഇതേ അവസ്ഥ ഉണ്ടാകാം ഇത് ഒരു തരത്തിലും അംഗീകരിക്കാൻ സാധ്യമല്ല. ഒരു ഉൽപന്നം ഫോറസ്റ്റ് ഉല്പന്നമാണോ എന്നുള്ളത് ശാസ്ത്രീയമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തെളിയിക്കപ്പെടേണ്ട ഒന്നാണ്. അല്ലാതെ റേഞ്ച് ഓഫീസർക്ക് തോന്നുന്ന പോലെ സർട്ടിഫിക്കറ്റ് നൽകി തെളിയിക്കപ്പെടേണ്ട ഒന്നല്ല. ആയതുകൊണ്ട് സെക്ഷൻ 72.2 ഭേദഗതി പൂർണ്ണമായും റദ്ദ് ചെയ്യുക.
11. 27, 62 മുതലായ സെഷനുകൾ പ്രകാരമുള്ള വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക അഞ്ചും പത്തും ഇരട്ടി വർദ്ധിപ്പിച്ചപ്പോൾ സെക്ഷൻ 65 പ്രകാരം തെറ്റായ അറസ്റ്റും പിടിച്ചെടുക്കലും നടത്തുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുള്ള പിഴ തുക 200 രൂപയിൽ തന്നെ നിലനിർത്തിയിരിക്കുന്നു. അതിനുള്ള ശിക്ഷ ആകട്ടെ ആറുമാസം വരെ തടവ് എന്നത് മാറ്റിയിട്ടുമില്ല. ഇത് നീതിയല്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തി നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നത് വളരെ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കിക്കൊണ്ട് അത്തരക്കാർക്കു സെക്ഷൻ 65 പ്രകാരമുള്ള ശിക്ഷ അഞ്ചു വര്ഷം വരെ വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ആക്കി ഉയർത്തണം.
12)പൗരൻ്റെ അവകാശങ്ങൾ അംഗീകരിക്കാത്തതും ഹനിക്കുന്നതുമായ കേരള വനനിയമ ഭേദഗതിയിലെ 63-ാം വകുപ്പിൽ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ പൂർണ്ണമായും പിൻവലിക്കണം.
13, പൗരൻ്റെ അവകാശങ്ങൾ അംഗീകരിക്കാത്തതും ഹനിക്കുന്നതുമായ കേരള വനനിയമ ഭേദഗതിയിലെ 2(c) ഉപവകുപ്പിൽ ഫോറസ്റ്റ് ഓഫീസർ എന്ന പദത്തിൻ്റെ അർത്ഥം Deputy Range Forest Officer വരെ ആക്കി പരിമിതപ്പെടുത്തണം. കേരള വന നിയമത്തിലെ 2 വകുപ്പിലെ(c) ഉപവകുപ്പിൽ ഫോറസ്റ്റ് ഓഫീസർ എന്ന നിർവചനത്തിൽ നിന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ടിംബർ ഡിപ്പോ ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ , വാച്ചർ, ട്രൈബൽ വാച്ചർ എന്നി തസ്തികകിയുള്ള ജീവനക്കാരെ ഒഴിവാക്കണം.
14, കേരള സർക്കാർ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന വന നിയമ ഭേദഗതിയിലെ Sec(2)(ba) ആയി ചേർത്തിരിക്കുന്ന Fishing എന്ന നിർവചനത്തിൽ , Rivers,Water Bodies എന്നിവ കേരള വനനിയമം 1961 ലെ 19-ാം വകുപ്പ് പ്രകാരം റിസർവ് വനമായി പ്രഖ്യാപിച്ച ഭൂപ്രദേശങ്ങൾക്ക് അകത്ത് ഒഴുകുന്നതോ, സ്ഥിതി ചെയ്യുന്നതോ എന്നാക്കി തിരുത്തണം, നിലവിലെ നിയമപ്രകാരംപഞ്ചായത്തുകളുടെ അധികാരത്തിൽ വരുന്നതാണ് ജലസ്രോതസുകളുടെ ഉടമസ്ഥാവകാശവും, നിയന്ത്രണാധികാരവും പഞ്ചായത്ത്, മുൻസിപാലിറ്റി എന്നിവക്കാണ്
15, കേരള സർക്കാർ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന വന നിയമ ഭേദഗതിയിലെ 27-ാം വകുപ്പിൽ IX ഉപവകുപ്പിൽ നിർദ്ദേശിക്കുന്ന Feeds to asses or molests any wild animal എന്ന നിർദേശം പൂർണ്ണമായി പിൻവലിക്കണം. അമിതമായി വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പിഴതുക പഴയതുപോലെ തന്നെ നിലനിർത്തുക..
വനം സംരക്ഷണം എന്ന ഉദ്ദേശ്യവുമായി മുന്നോട്ടു പോകുമ്പോൾ ഭേദഗതികൾ സമൂഹത്തിനും പരിസ്ഥിതിക്കും ദോഷകരമാകാതിരിക്കണം. ബിൽ പുനഃപരിശോധിച്ച് വിപുലമായ ജനകീയ മാറ്റങ്ങൾക്ക് വിധേയമാക്കുന്നത് അനിവാര്യമാണ് എന്ന്
കെ.പി എൽദോസ് ആവശ്യപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI


