
ലോക ചെസ്സ് ചാമ്പ്യൻ
ലോക ചെസ് ചാംപ്യനായി ചരിത്രമെഴുതി ഇന്ത്യൻ താരം ഡി. ഗുകേഷ്. നിർണായകമായ 14-ാം റൗണ്ടിലാണ് ചൈനീസ് താരം ഡിങ് ലിറനെ താരം അടിയറവ് പറയിച്ചത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായിരിക്കുകയാണ് ഗുകേഷ്.
സമനിലയിലേക്കു പോകുമെന്ന് തോന്നിച്ച നിര്‍ണായക മത്സരത്തിൽ ലിറനു പിണഞ്ഞ അബദ്ധമാണ് ഗുകേഷിനു തുണയായത്. 55-ാമത്തെ നീക്കത്തിലായിരുന്നു ചൈനീസ് താരത്തിന് അസാധാരണമായ പിഴവു സംഭവിച്ചത്. ലിറന് ആ സമയത്ത് വെറും പത്ത് മിനിറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഗുകേഷിന് ഒരു മണിക്കൂറും ബാക്കിയുണ്ടായിരുന്നു. എതിരാളിയുടെ വീഴ്ച മുതലെടുത്ത ഗുകേഷ് 58-ാം നീക്കത്തിലൂടെ വിജയകിരീടമണിയുകയും ചെയ്തു. വാശിയേറിയ പോരാട്ടത്തില്‍ 7.5-6.5 സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.
വിശ്വനാഥൻ ആനന്ദിനുശേഷം ലോക കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഡി. ഗുകേഷ്. റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ഗുകേഷ് പ്രായം കുറഞ്ഞ താരമായത്. 1985ൽ റഷ്യയുടെ തന്നെ അനാറ്റോളി കാർപോവിനെ തറപറ്റിച്ചാണ് 22-ാം വയസിൽ ഗാരി കാസ്പറോവ് ചരിത്രം കുറിച്ചത്.
സിംഗപ്പൂരിൽ നടന്ന ചാംപ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ ഡിങ് ലിറനാണു വിജയം കണ്ടത്. മൂന്നാം ഗെയിമിൽ ഗുകേഷും വിജയം കണ്ടു. പിന്നീട് തുടർച്ചയായി ഏഴ് ഗെയിമുകൾ സമനിലയിൽ കലാശിക്കുകയായിരുന്നു. ഒടുവിൽ 12-ാം ഗെയിമിൽ വിജയം കണ്ട് ചൈനീസ് താരം മുന്നിലെത്തി. കഴിഞ്ഞ ദിവസം നടന്ന 13-ാം ഗെയിമും സമനിലയിൽ പിരിഞ്ഞതോടെ ഇന്ന് അതിനിർണായകമായിരുന്നു. 14-ാം ഗെയിമിലെ വിജയി ലോകജേതാവ് കൂടിയാകുമെന്നുറപ്പായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

