
അശാസ്ത്രീയമായ കാന നിർമ്മാണം
ദേശീയപാതയ്ക്കു വേണ്ടി സ്‌ഥലം ഏറ്റെടുത്ത് മണ്ണെടുത്ത ഭാഗത്തു സംരക്ഷണ ഭിത്തി കെട്ടി നൽകിയില്ല. വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള ഒട്ടേറെ വീടുകൾ അപകടഭീഷണിയിൽ. മഴ ശക്തമായതോടെ പടയിടത്തും മണ്ണിടിച്ചിൽ തുടങ്ങി. തേനിടുക്ക് മുതൽ വാണിയമ്പാറ വരെയുള്ള 10 കിലോമീറ്ററിനുള്ളിലെ വീടുകൾക്കാണ് അപകടഭീഷണി. അമ്പലത്ത് വീട്ടിൽ തിത്തുവും കുടുംബവുമാണ് മാറി താമസിച്ചത്. നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുകയും റോഡിനായി മണ്ണു മാറ്റുകയും ചെയ്തെങ്കിലും സംരക്ഷണഭിത്തി ഇതുവരെ കെട്ടി നൽകിയില്ലെന്നു വീട്ടുകാർ പറഞ്ഞു, മഴ ശക്തമായാൽ മണ്ണെടുത്ത സ്ഥലത്തെ ഭിത്തി ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണു പാതയോരത്തെ കുടുംബങ്ങൾ. കഴിഞ്ഞ മഴയിൽ വാണിയമ്പാറയിലും ചുവട്ടുപാടത്തും മണ്ണിടിഞ്ഞു വീടുകൾക്കു നാശമുണ്ടായി. എന്നിട്ടും സംരക്ഷണഭിത്തി കെട്ടിനൽകിയില്ല. ചിലയിടത്ത് വീട്ടുകാർ വൻതുക മുടക്കി കരിങ്കൽ ഭിത്തി കെട്ടിയെങ്കിലും പലരും ഇതിനു കഴിയാത്തവരാണ്.തേനിടുക്ക്, പന്നിയങ്കര സ്‌കൂളിനു സമീപം, ചുവട്ടുപാടം, ശങ്കരംകണ്ണൻതോട്, വാണിയമ്പാറ, കൊമ്പഴ എന്നിവിടങ്ങളിൽ ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്‌ഥലത്തു മൺതിട്ട അടർന്നു വീഴാറായി നിൽക്കുകയാണ്. പന്നിയങ്കരയിൽ ഉള്ളെരിക്കൽ റെജിയുടെ വീടിൻ്റെ മുൻപിലെ മൺതിട്ട് 2 വർഷം മുൻപ് ഇടിഞ്ഞു വീണു വീട് അപകടാവസ്‌ഥയിലായി. തുടർന്ന് വില്ലേജ് അധികൃതരും പൊലീസും ഇടപെട്ട് ഇവരെ മാറ്റി താമസിപ്പിക്കുകയായിരുന്നു. വീട്ടുകാർ പലവട്ടം അപേക്ഷകൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി സംരക്ഷണഭിത്തിയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്.
ഹൈക്കോടതിയിൽ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നു ജില്ലാ കലക്‌ടർ ഇടപെട്ട് ഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും നിർമാണ കമ്പനി നടപടി എടുത്തില്ല. ഡ്രെയ്നേജുകളുടെ നിർമാണ അപാകത മൂലം മഴവെള്ളം റോഡിലൂടെയും പാതയോരത്തെ വീടുകളിലേക്ക് ഒഴുകുകയാണ്. തേനിടുക്ക് -കണ്ണമ്പ്ര റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


