January 27, 2026

മുടി വെട്ടിച്ചതിന് കുട്ടി വീടുവിട്ടിറങ്ങി ; എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടി നിർഹിച്ചിരുന്ന സിവിൽ പോലീസ് ഓഫീസർമാർ വീട്ടിലെത്തിച്ചു

Share this News

സമയം രാത്രി പത്തുമണിയോടെ ചെറിയ ചാറ്റൽ മഴയുള്ളൊരു രാത്രിയിലാണ് ഒരു ചെറിയ ആൺ കുട്ടി റോഡിലൂടെ നടന്നു പോകുന്നത് എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ നൈറ്റ് പട്രോളിങ്ങ് ഓഫീസർ കെ. സഗുൺ കാണാനിടയായത്

സാറേ അതൊരു ചെറിയ കുട്ടിയാണല്ലോ ….! പതിനാലു വയസ്സുപ്രായം വരും
ഹോം ഗാർഡ് സുരേഷ് കുമാറും കുട്ടിയെ ശ്രദ്ധിച്ച് നോക്കി പറഞ്ഞു

ഡ്രൈവർ സനൂപ് വാഹനം പതുക്കെ നിറുത്തി.

പോലീസ് വാഹനം കണ്ടതും, കുട്ടി ആകെ പരിഭ്രമിച്ചു. റോഡിന്റെ അരികിലേക്ക് നീങ്ങി നിന്നു.

പോലീസുദ്യോഗസ്ഥർ വണ്ടിയിൽ നിന്നിറങ്ങി അവന്റെ അടുത്തെത്തി.

മോൻ ഒറ്റയ്ക്ക് എവിടേക്കാ പോകുന്നത് ?
കുട്ടിയുടെ വീട് എവിടേയാ…?

പോലീസുദ്യോഗസ്ഥർ വളരെ സ്നേഹത്തോടെ അവനോട് ചോദിച്ചു.

അതിനിടയിൽ അവൻ പെട്ടെന്ന് കരയാൻ തുടങ്ങി.
പോലീസുദ്യോഗസ്ഥർ അവനെ ആശ്വസിപ്പിച്ചു.

അല്പം കഴിഞ്ഞപ്പോൾ അവൻ പതുക്കെ പറയാൻ തുടങ്ങി.

എന്റെ വീട് വെള്ളറക്കാട് എന്ന സ്ഥലത്താണ്. ഞാൻ അമ്മയോടും അച്ഛനോടും പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങി പോന്നതാണ്.
അതെന്തിനാ…വീട്ടുകാരോട് നല്ലകുട്ടികള് പിണങ്ങാൻ പാടുണ്ടോ സഗുൺ ചോദിച്ചതോടെ അവൻ കനംകുറച്ചു വെട്ടിയ അവൻെറ മുടിചൂണ്ടി പറഞ്ഞു

സാറെ എൻെറ ഈ തലമുടി കണ്ടോ ? എന്ത് ഭംഗിയുണ്ടായിരുന്ന മുടിയായിരുെന്നന്നറിയോ ? വീട്ടുകാരുടെ ഇഷ്ടത്തിനാ ഇതൊക്കെ വെട്ടികളഞ്ഞത്. എൻറെ ഹെയർ സ്റ്റൈൽ വീട്ടുകാർക്ക് ഇഷ്ടമല്ല. എനിക്ക് കൊറേ മുടി ഇഷ്ടാ സാറേ.. അത് വീട്ടുകാർക്ക് ഇഷ്ടമല്ല. അതിനാ ഞാൻ അവരോട് പിണങ്ങിയത്. അവർ ഉറങ്ങിയപ്പോൾ അവരറിയാതെ ഞാൻ എൻെറ ബാഗുമെടുത്ത് പുറത്തിറങ്ങി.

ബാഗിലെന്താ ഉള്ളത്.. എവിടേക്കാ യാത്ര ?
അല്പം കൌതുകത്തോടെ പോലീസുദ്യോഗസ്ഥർ ആരാഞ്ഞു.

ബാഗിനുള്ളിൽ എന്റെ ഡ്രസ്സുകളാണ് പണമൊന്നും എടുത്തിട്ടില്ല എവിടേക്ക് പോകണമെന്നും തീരുമാനിച്ചിട്ടില്ല.

പോലീസുദ്യോഗസ്ഥർ അവനെ ആശ്വാസവാക്കുകൾ പറഞ്ഞ് അവനെ സമാധാനിപ്പിക്കുന്നതിനിടയിൽ. പോലീസുദ്യോഗസ്ഥർ അവന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലവും പരിസരവും ചോദിച്ചു മനസ്സിലാക്കി. ഇതിനിടയിൽ വീട്ടിലെ ഫോൺ നമ്പറും വാങ്ങി.

കുറച്ചു സമയത്തിനകം തന്നെ പോലീസുദ്യോഗസ്ഥർ കുട്ടിയുമായി അവന്റെ വീട്ടിലെത്തി.

അപ്പോഴാണ്, തങ്ങളുടെ മകൻ, അവരറിയാതെ വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ച കാര്യം വീട്ടുകാർ പോലും അറിയുന്നത്.

വീട്ടുകാരോടും കുട്ടിയോടും പോലീസുദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി

എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.കെ ഭൂപേഷ് കുട്ടിയോടും വീട്ടുകാരോടും സംസാരിച്ചു. ഒരു ചെറിയ വിഷമഘട്ടത്തിൽ, വീടു വിട്ടിറങ്ങിയാൽ അനുഭവിക്കേണ്ടി വരുമായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടിയെ പറഞ്ഞു മനസ്സിലാക്കി. പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നെങ്കിൽ എന്തെല്ലാം ആപത്തുകളിലായിരിക്കും ചെന്നു പെടുക? എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും വിളിക്കുവാനായി ഫോൺ നമ്പറും കൈമാറി. ആവശ്യമെങ്കിൽ കുട്ടിക്കും വീട്ടുകാർക്കും കൌൺസിലിങ്ങ് ലഭ്യമാക്കുന്നതിനുള്ള സഹായവും ചെയ്തുകൊടുത്തു.

പ്രിയപ്പെട്ട കുട്ടികളേ,

നിങ്ങളുടെ ഏതു വിഷമഘട്ടത്തിലും കേരളാ പോലീസ് കൂടെയുണ്ട്. ചിരിയുടെ ഈ ഫോൺ നമ്പരിലേക്ക് വിളിക്കുക – 9497900200

എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടി നിർഹിച്ചിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ കെ. സഗുൺ, ഇ. സനൂപ്, ഹോം ഗാർഡ് സുരേഷ് കുമാർ എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

error: Content is protected !!