January 30, 2026

കർഷകർക്ക് തിരിച്ചടി; കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും താഴേക്ക്

Share this News

കാപ്പിവില താഴേക്ക്

കൊക്കോയ്ക്കു പിന്നാലെ കർഷകരുടെ പ്രതീക്ഷകൾ തകർത്ത് രണ്ടാഴ്ചയ്ക്കിടെ കാപ്പിവിലയും ഇടിഞ്ഞു. 240 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 300 രൂപയുമായി. ഇതോടെ കാപ്പിവിലയിൽ പ്രതീക്ഷയർപ്പിച്ച് കാപ്പിച്ചെടികൾക്ക് മികച്ച പരിചരണം നൽകിയ കർഷകർ നിരാശരായി.നാലുവർഷം മുമ്പുവരെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 70 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230-240 രൂപയായും 110 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 362 രൂപയായും ഉയർന്നത്. ഇതാണ് ഇപ്പോൾ താഴ്ന്നത്.

കാപ്പിക്കൃഷി ഹൈറേഞ്ചിൽ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. വില ഏറെ ഉയർന്നതോടെ വൻകിട വ്യാപാരികളും കാപ്പിപ്പൊടി നിർമാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങി സ്റ്റോക്കുചെയ്യാൻ മടിക്കുകയാണ്. ഇതാണ് ഉയർന്ന വില വീണ്ടും താഴാൻ കാരണം.കർഷകർക്ക് തിരിച്ചടിയായി സർവകാല റെക്കോഡിട്ട കൊക്കോവിലയും രണ്ടാഴ്ചയ്ക്കിടെ പാതിയായി താഴ്ന്നിരുന്നു. മേയ് തുടക്കത്തിൽ 1000-1080 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോപരിപ്പിന് നിലവിൽ വില 580-610 രൂപയാണ്. 270 രൂപ വിലയുണ്ടായിരുന്ന പച്ചകൊക്കോയ്ക്ക് 180 രൂപയായും വില താഴ്ന്നു.അണ്ണാൻ, മരപ്പട്ടി എന്നിവയുടെ ശല്യവും കീടബാധയുംമൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോകൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചുകയറുകയുമായിരുന്നു. എന്നാൽ, കുത്തനെയുള്ള വിലയിടിവിന് കാരണം ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനിലനിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്. കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാർ, തങ്കമണി, അടിമാലി, കുമളി എന്നീ കമ്പോളങ്ങളിലാണ് ഹൈറേഞ്ചിൽ പ്രധാനമായും കൊക്കോ ശേഖരിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!