January 31, 2026

ഫോസ്റ്റർ കെയർ പദ്ധതി പ്രകാരം മണ്ണുത്തിയിലെ കുടുംബത്തോടൊപ്പം ചേർന്ന ആരതിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

Share this News

മണ്ണുത്തി ചിറയ്ക്കു സമീപം യൂണിവേഴ്സിറ്റി നഗറിലെ ‘ശാന്തം സുഭദ്രം’ എന്ന സുരേഷിന്റെ സ്നേഹവീടിന്റെ തണൽ തേടി 4 വർഷം മുൻപാണു അംബികയും ആരതിയും എത്തിയത്. അല്ല. അവരെ ഈ തണലിലേക്കു കൈ പിടിച്ചു കയറ്റുകയായിരുന്നു ഈ കുടുംബം. സുരേഷിന്റെ അമ്മ സുഭദ്ര, ഭാര്യയുടെ അമ്മ ശാന്ത എന്നിവരടക്കം ഇപ്പോൾ 8 പേരാണ് ഈ വീട്ടിൽ. ആരതിക്കു പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചതോടെ ഇരട്ടി മധുരമുള്ള ചിരികളാണ് എല്ലാവരുടെ മുഖത്തും. കഥ നടക്കുന്നതു 4 വർഷം മുൻപ് അന്നൊരു കോവിഡ് കാലത്ത്, എല്ലാ വീടുകളും അടഞ്ഞു കിടക്കുന്ന സമയം. ലോകം മുഴുവൻ വാതിലുകളും ജനലുകളും അടച്ചിട്ട കാലം. മനുഷ്യർ മനസ്സിന്റെ വാതിലുകളും ഏറെക്കുറേ അടച്ചുകഴിഞ്ഞു. അക്കാലത്താണു സുരേഷും കുടുംബവും സ്വന്തം വീടിന്റെ വാതിൽ അച്ഛനും അമ്മയുമില്ലാത്ത അംബികയ്ക്കും ആരതിക്കുമായി തുറന്നു നൽകിയത്. മായന്നൂരിലെ തണൽ എന്ന ആശ്രമത്തിൽ 100ലധികം കുട്ടികളോടൊപ്പം കഴിയുകയായിരുന്നു 18 വയസ്സുകാരി അംബികയും 12 വയസ്സുകാരി ആരതിയും. 2 പെൺമക്കൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസം ഉള്ളതിനാൽ ഇളയ കുട്ടിക്കു കൂട്ടുകാരിയായി സമപ്രായക്കാരിയായ ഒരാളെ കൂടെക്കൂട്ടാനായിരുന്നു ആശ്രമത്തിൽ എത്തിയത്. അതിനായി സാമൂഹിക നീതി വകുപ്പിന്റെ ഫോസ്റ്റർ കെയർ പദ്ധതിയിൽ നേരത്തേ അപേക്ഷ നൽകി. ആശ്രമത്തിൽ എത്തിയപ്പോൾ സഹോദരിമാർക്കു പരസ്പരം പിരിയാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ രണ്ടു പേരെയും ഒപ്പം കൂട്ടുകയായിരുന്നു. വീടിന്റെ സന്തോഷവും സുരക്ഷിതത്വവും സ്നേഹവും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികൾക്കും ലഭ്യമാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം.വീട്ടിൽ എത്തിയ ആരതിയും അംബികയും വീട്ടുകാരുമായി അത്രമേൽ ഇണങ്ങിയതോടെ അവരെ വീണ്ടും ആശ്രമത്തിലാക്കേണ്ട എന്നു തീരുമാനിച്ചു. മക്കളായ ലക്ഷ്മിക്കും പാർവതിക്കും പുതിയ കളിക്കൂട്ടുകാരികളെ പിരിയാൻ മനസ്സില്ലായിരുന്നു. രക്തബന്ധത്തേക്കാൾ ഹൃദയങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ ശക്തി മനസ്സിലായ നിമിഷം. അങ്ങനെ അംബികയും ആരതിയും ആ സ്നേഹവീട്ടിലെ ചിരികളായി മാറി. അവരുടെ ചിരി മായാതിരിക്കാൻ കൂട്ടിനുണ്ട്, ലക്ഷ്മിയും പാർവതിയും അച്ഛനും അമ്മയും അമ്മാമ്മമാരും. പ്രിന്റിങ് പ്രസ് നടത്തുകയാണു സുരേഷ്. ഭാര്യ പിഡബ്ല്യുഡി എൻജിനീയർ. അംബികയെ സിവിൽ എൻജിനീയറിങ് പഠിപ്പിച്ചു. ലക്ഷ്മി ഡോക്ടറായി. ഇനി പാർവതിയും ആരതിയും അവരുടെ സ്വപ്നങ്ങളിലേക്കു നടക്കുമ്പോൾ ഒന്നു കൈ പിടിക്കണം. ഇല്ലായ്മകളിലായിരുന്നു സുരേഷിന്റെ കുട്ടിക്കാലം. ഉള്ളതു പങ്കുവയ്ക്കണമെന്നാണ് ആ കുട്ടിക്കാലം പഠിപ്പിച്ചത്. ആ വലിയ പാഠമായിരിക്കണം തന്റെ മക്കളും പഠിക്കേണ്ടത് എന്നാണ് സുരേഷ് പറയുന്നത്. അംബികയെയും ആരതിയെയും ചേർത്തു പിടിക്കുന്ന ലക്ഷ്മിയും പാർവതിയും ആ പാഠം എന്നേ പഠിച്ചുകഴിഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!