
കേരളതീരത്ത് മത്സ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ വിപണിയിലെത്തുന്ന 70 ശതമാനം മീനും അയൽസംസ്ഥാനങ്ങളിൽനിന്നായി. ആഴക്കടൽ മേഖലയിൽനിന്ന് പിടിക്കുന്ന അയ്‌ക്കൂറ, കുടുത, കേര തുടങ്ങിയ ചുരുക്കം ചില മീനുകൾ മാത്രമാണ് ഇവിടെനിന്ന് കിട്ടുന്നത്. സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മത്തി, അയല, വെളൂരി, മെത്തൽ, പുതിയാപ്ലകോര (കിളി മീൻ) എന്നിവയെല്ലാം വരവാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ്..ഹാർബർ മേഖലകളിലൊഴികെ വിൽപ്പന നടത്തുന്ന ഭൂരിഭാഗം മീനും പുറത്തുനിന്ന് വരുന്നതാണെന്ന് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം. അലി പറഞ്ഞു. മീൻപിടിത്തയാനങ്ങൾ കൂടുതലായും ആഴക്കടൽ മേഖലയിൽ മീൻപിടിത്തം നടത്തുന്നതിനാൽ ഇവർക്ക് മാത്രമാണ് കുറഞ്ഞ തോതിലെങ്കിലും നാടൻ മീൻ കിട്ടുന്നത്.
സാധാരണയായി കേരളത്തിന് പുറത്തുനിന്ന് വരുന്ന മീനിന്റെ തോത് ആകെ വിൽപ്പനയുടെ 40 ശതമാനത്തിന് മുകളിലേക്ക് പോകാറില്ലായിരുന്നു. മീൻലഭ്യത കുറഞ്ഞതിനാൽ ഉയർന്ന വിലയാണിപ്പോൾ. മത്തിക്കു പോലും 200 രൂപയ്ക്ക് മുകളിലാണ്. ഇതുമൂലം വിൽപ്പനയിലും ഇടിവുണ്ട്. മഴ പെയ്ത് കടുത്ത ചൂടിന് ശമനമുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യക്ഷാമം തുടരുകയും അതുവരെ വരവുമീനിനെ കൂടുതൽ ആശ്രയിക്കേണ്ട സ്ഥിതിയുമാണെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

