
കുതിരാൻ തുരങ്കം നിർമ്മാണത്തിന്റെ വാഹന കുടിശ്ശിക നൽകിയില്ല; വാഹനയുടമ കോൺക്രീറ്റ് മിക്സിങ് പ്ലാന്റിലേക്കുള്ള വഴി തടഞ്ഞു
കുതിരാൻ തുരങ്കനിർമാണത്തിനായി വാടകയ്ക്കെടുത്ത വാഹനങ്ങളുടെ വാടകയും ജീവനക്കാരുടെ ശമ്പളവും രണ്ടുവർഷമായി നൽകാത്തതിൽ പ്രതിഷേധിച്ച് വാഹനയുടമ നിർമാണ കമ്പനിയുടെ കോൺക്രീറ്റ് മിക്സിങ്
പ്ലാൻറിലേക്കുള്ള വഴി തടഞ്ഞു. കൊമ്പഴ സ്വദേശി കണ്ടത്തിൽ സജിയാണ് പട്ടിക്കാട് ദേശീയ പാതയോരത്തുള്ള കോൺക്രീറ്റ് മിക്സിങ് പ്ലാൻ്റിലേക്കുള്ള വഴിക്കു കുറുകെ ടിപ്പർ ലോറി നിർത്തിയിട്ടത്.
വാടകയിനത്തിൽ മാത്രം സജിക്ക് 72 ലക്ഷം രൂപ കമ്പനി നൽകാനുണ്ട്. സജിയുടെ ഭാര്യ മഞ്ജു സജിക്ക് വേതന കുടിശ്ശികയായി ആറുലക്ഷം രൂപയും നൽകിയിട്ടില്ല.
തുരങ്കനിർമാണം ആദ്യം ഏറ്റെടുത്തുനടത്തിയത് പ്രഗതി റെയിൽവേ എൻജിനീയറിങ് ഗ്രൂപ്പായിരുന്നു. ഇവർക്കാണ് വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നത്.
എന്നാൽ നിർമാണത്തിൽനിന്ന് ദേശീയപാതാ അതോറിറ്റി ഇവരെ പുറത്താക്കി.
കുടിശ്ശികത്തുക സംബന്ധിച്ച തർക്കം പോലീസ് സ്റ്റേഷനിൽ എത്തി.
തുടർന്ന് നിർമാണം ഏറ്റെടുത്ത കെ.എം.സി. കമ്പനി മുഴുവൻ കുടിശ്ശികയും നൽകിക്കൊള്ളാമെന്ന് കരാറുണ്ടാക്കി.എന്നാൽ കഴിഞ്ഞ വർഷം മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാത നിർമാണവും അനുബന്ധ പ്രവൃത്തികളും നിർമാണം ഏറ്റെടുത്ത കമ്പനി മറ്റൊരു കമ്പനിക്ക് കൈമാറിയിരുന്നു.
ഇതോടെ ഇവരുടെ കുടിശ്ശിക സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായി.
നാട്ടുകാർക്ക് ശമ്പളക്കുടിശ്ശികയും വീട്ടുവാടകയും ഉൾപ്പെടെ ഒന്നരക്കോടിയിലധികം രൂപയാണ് കമ്പനി നൽകാനുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

