
വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരി ഇല്ലത്ത് പി.എസ്.മധുസൂദനൻ നമ്പൂതിരി (53) ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രത്തിൽ 12 ദിവസത്തെ ഭജനത്തിനുശേഷം 31നു രാത്രി ചുമതലയേൽക്കും. 6 മാസമാണു കാലാവധി. പുറപ്പെടാശാന്തിയായിരിക്കും. നിലവിൽ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ മേൽശാന്തിയാണ്. 2017 ഏപ്രിൽ മുതൽ 6 മാസം ഗുരുവായൂരിൽ മേൽശാന്തിയായിട്ടുണ്ട്. ദീർഘകാലം വിയ്യൂർ ശിവക്ഷേത്രത്തിലും 2011ൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും മേൽശാന്തിയായിരുന്നു. പരേതരായ കിള്ളിമംഗലം പള്ളിശേരി സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും വന്നേരി മുല്ലമംഗലത്ത് ദേവസേന അന്തർജനത്തിന്റെയും മകനാണ്. അച്ഛനിൽനിന്നും പരേതനായ മുണ്ടയൂർ ശ്രീധരൻ നമ്പൂതിരിയിൽനിന്നും പൂജ പഠിച്ചു. മദ്ദളം കലാകാരനുമാണ്. ഭാര്യ: കോട്ടയം വിളായിക്കോട്ടു മന നിഷ അന്തർജനം. മക്കൾ: പി .എം.ശ്രാവൺ (ചാർട്ടേഡ് അക്കൗ ണ്ടന്റ്, ഫെഡറൽ ബാങ്ക്,ആലുവ), ഉണ്ണിക്കൃഷ്ണൻ. നിയമനത്തിന് തന്ത്രി നടത്തിയ അഭിമുഖത്തിൽ 50 പേർ പങ്കെടുത്തു. 45 പേർ യോഗ്യത നേടി. ഭക്തജന സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി.നായർ, സി.മനോജ്, വി.ജി .രവീന്ദ്രൻ, കെ.ആർ.ഗോപിനാഥ്, അഡ്‌മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മാരായ പി.മനോജ്‌കുമാർ, രാധിക എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


