സംസ്ഥാന സർക്കാരിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒല്ലൂർ നിയോജക മണ്ഡലത്തിലെ പീച്ചി ഗവ. എൽ. പി സ്കൂളിൽ 1 കോടി 53 ലക്ഷം രൂപ ചിലവഴിച്ച് മോഡൽ പ്രീപ്രൈമറി ബ്ലോക്ക് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതായി റവന്യൂ – ഭവന വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ആധുനിക വിദ്യാഭ്യാസ പദ്ധതിയിൽ പ്രീപ്രൈമറി വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രീപ്രൈമറി വിഭാഗം സ്കൂളിൽ ഒരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മോഡൽ പ്രീപ്രൈമറി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം 2024 മാർച്ച് 4 രാവിലെ 11.30 ന് റവന്യൂ – ഭവന വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.രവി മുഖ്യാതിഥി ആയിരിക്കും. എസ്. എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. കെ. രമേഷ്, പ്രൊജക്ട് കോർഡിനേറ്റർ ഡോ. എൻ. ജെ. ബിനോയ് തൃശൂർ ഈസ്റ്റ് എ. ഇ. ഒ പി. എം. ബാലകൃഷ്ണൻ, വിവിധ ജനപ്രതിനിധികൾ, സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ടെസ്സി. കെ. ജെ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.