സിനിമാ സെൻസർ ബോർഡിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്താനും കുട്ടികൾക്കു കാണാൻ അനുയോജ്യമായ സിനിമകളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിഭജിക്കാനുമുള്ള നിർദേശങ്ങളുമായി പുതിയ സിനിമറ്റോഗ്രാഫ്(സർ ട്ടിഫിക്കേഷൻ) മാനദണ്ഡങ്ങളുടെ കരടുരൂപം കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്(സിബിഎ ഫസി) പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഓഗസ്‌റ്റിൽ പാർലമെന്റ് പാസാക്കിയ സിനിമറ്റോഗ്രഫി ഭേദഗതി നിയമത്തിൻ്റെ അടിസ്‌ഥാനത്തിലാണു പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. യു (ആർക്കും കാണാവുന്നത്), യു/എ (12 വയസ്സിൽ താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ മേൽനോട്ടം ആവശ്യം), എ (പ്രായപൂർത്തിയായവർക്കു മാത്രം), എസ് (പ്രത്യേക വിഭാഗത്തിലുള്ളവർക്ക്) എന്നിങ്ങനെ 4 തരം സർട്ടിഫിക്കേഷനാണു നിലവിലുള്ളത്. യു/എ സർട്ടിഫിക്കറ്റിൽ 7 വയസ്സിനു മുകളിലുള്ളവർക്കു കാണാവുന്നത് (യുഎ 7+), 13 വയസ്സിനു മുകളിൽ (യുഎ 13+), 16 വയസ്സിനു മുകളിൽ (യുഎ 16+) എന്നിങ്ങനെ 3 തരം സർട്ടിഫിക്കേഷനുണ്ടാകും. സെൻസർ ബോർഡിന്റെ മൂന്നിലൊന്ന് അംഗങ്ങളെങ്കിലും വനിതകളായിരിക്കണമെന്നും പുതിയ അംഗങ്ങൾ വനിതകളാകുന്നതാണ് ഉചിതമെന്നും പുതിയ മാർഗ രേഖയിൽ പറയുന്നു.