വിമാനത്താവള മാതൃകയിൽ പുതുക്കിപ്പണിയാനൊരുങ്ങുന്ന തൃശൂർ റെയിൽവേ സ്റ്റേഷന്റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു . റെയിൽവേ സ്റ്റേഷൻ മുറ്റത്തെ പന്തലിൽ ടി.എൻ. പ്രതാപൻ എംപിയും മേയർ എം.കെ. വർഗീസുമടക്കമുള്ളവരും യാത്രക്കാരും ഉദ്ഘാടനത്തിനു സാക്ഷിയായി. രാജ്യത്തു പലയിടത്തായി രണ്ടായിരത്തോളം റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനം ഡിജിറ്റലായി നിർവഹിച്ച അദ്ദേഹം, ഇതു പുതിയ ഇന്ത്യയുടെ തുടക്കമാണെന്നു പറഞ്ഞു.
തൃശൂർ ജില്ലയിൽ തൃശൂർ, ഗുരുവായൂർ സ്റ്റേഷനുകളുടെ പുനർനിർമാണത്തിനാണു തുടക്കമിടുന്നത്. 34 മാസം കൊണ്ടു പദ്ധതി പൂർത്തിയാക്കുമെന്നു ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. പദ്ധതി യാഥാർഥ്യമാക്കാൻ നടപടിയെടുത്ത കേന്ദ്ര റെയിൽവേ മന്ത്രി അടക്കമുള്ളവർക്കു നന്ദി അറിയിക്കുന്നതായും എംപി പറഞ്ഞു. കേരളീയ വാസ്തുശിൽപ രീതിയിൽ റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിയാണു നിർമാണം പൂർത്തിയാക്കുക.
തൃശൂർ സ്റ്റേഷന് 375 കോടി രൂപയും ഗുരുവായൂർ സ്റ്റേഷനു 10.9 കോടി രൂപയുമാണു പ്രാഥമിക ചെലവായി അനുവദിച്ചത്. കൗൺസിലർ കെ.വിനോദ്, റെയിൽവേ ഉപദേശക സമിതി അംഗം എം.പി.വിൻസന്റ്, സ്റ്റേഷൻ മാനേജർ എം.എ. ജോർജ്, സെബാസ്റ്റ്യൻ, കെ.മീനാംബാൾ, അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, എം.എസ്.സമ്പൂർണ, എ.നാഗേഷ്, വിനോദ് പൊള്ളാഞ്ചേരി, പൂർണിമ സുരേഷ് ,ജസ്റ്റിൻ ജേക്കബ് എന്നിവരും പങ്കെടുത്തു.