
വിവിധതരം തിരക്കുകള്‍ക്കിടയിലാണ് മണ്ണുത്തി പോലീസ് സ്റ്റേഷനിലെ ജി.ഡി ചാര്‍ജ്ജ് ഡ്യൂട്ടിയിലായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജിത.കെ.എസ്,സ്റ്റേഷന്‍ ഫോണിലേയ്ക്ക് വന്ന കോള്‍ എടുത്തത്. വിദേശത്തുനിന്ന് വിളിച്ച യുവാവ് പരിഭ്രാന്തിയോടെ നാട്ടിലെ തന്‍റെ സുഹൃത്ത് ആത്മഹത്യ ചെയ്യാന്‍ തുടങ്ങുകയാണെന്ന് അറിയിച്ചു.സുഹൃത്തിന്‍റെ വീട്ടില്‍ ആരുമില്ലെന്നും താന്‍ വീണ്ടും വിളിച്ചിട്ട് അവന്‍ ഫോണ്‍ എടുക്കുന്നില്ലെന്നും സഹായിക്കണമെന്നും അയാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.വിവരങ്ങള്‍ ശേഖരിച്ച്,തങ്ങൾ ഉടനെ സുഹൃത്തിന്‍റെ വീട്ടിലെത്താമെന്ന് ഉറപ്പുനല്‍കി യുവാവിനെ സമാധാനിപ്പിച്ചശേഷം രജിത ഉടനടി ബൈക്ക് പട്രോളിംഗ് ടീമിനെ വിവരമറിയിച്ചു.സ്റ്റേഷന്‍ പരിധിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.പി.രാജേഷ്, അജിത്ത്.പി.പി എന്നിവര്‍ നിമിഷനേരത്തിനുളളില്‍ തേറമ്പം ഭാഗത്തെ വീട്ടിലെത്തി.

മുന്‍വശത്തെ വാതില്‍ തുറന്ന് അകത്തുകടന്നിട്ടും ആരെയും കണ്ടില്ല.ഒരു മുറി അടഞ്ഞു കിടക്കുന്നത് കണ്ട് തട്ടി വിളിച്ചിട്ടും ആരും തുറക്കാത്തതിനാല്‍ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കവെ കഴുത്തില്‍ ചുറ്റിയ തുണിയുമായി യുവാവ് കതക് തുറന്നു. വാരിവലിച്ചിട്ട മുറിയില്‍ പല ദിവസങ്ങളായി കഴിക്കാത്ത ഭക്ഷണം അടച്ചു വച്ചിരുന്നു. പോലീസുദ്യോഗസ്ഥര്‍ അയാളെ ആശ്വസിപ്പിച്ച ശേഷം വീട്ടുകാരെ വിവരം അറിയിച്ചു. ജോലി നഷ്ടപ്പെട്ട് മാനസിക സംഘര്‍ത്തിലായിരുന്ന യുവാവിനെ ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി സഹോദരിക്കൊപ്പം സ്റ്റേഷനിലെത്തിച്ച് കൗണ്‍സിലിംഗ് നല്‍കി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ജോലി നേടാന്‍ ശ്രമിക്കണമെന്നും എന്തുസഹായത്തിനും പോലീസുകാര്‍ കൂടെ ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി. സമയോചിത ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാനായതിന്‍റെ ആശ്വാസത്തിലാണ് മണ്ണുത്തി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.