November 21, 2024

ഒളകര ഊരിലേയ്ക്ക് മണ്‍പാതയിലൂടെ ഇനി സുരക്ഷിത യാത്ര

Share this News

ഒളകര ഊരിലേയ്ക്ക് മണ്‍പാതയിലൂടെ ഇനി സുരക്ഷിത യാത്ര

വന്യമൃഗങ്ങളെ ഭയക്കാതെ സുരക്ഷിത യാത്രയ്ക്ക് ഒരുങ്ങുകയാണ് ഒളകര ഊര്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് ഊരില്‍ നിന്ന് കാട്ടിലേയ്ക്ക് മണ്‍പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഊരിലെ ആദിവാസി തൊഴിലാളികളുടെ നേതൃത്വത്തിലാണ് മണ്‍പാതയുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഒളകര ഊരില്‍ നിന്ന് മാമ്പാറ, കൊഴിക്കുത്ത് തുടങ്ങിയ കാട്ടുചോലകളിലേയ്ക്കും കാടിന്റെ ഉള്‍ഭാഗങ്ങളിലേയ്ക്കും മണ്‍പാതയിലൂടെ അനായാസേന നടന്ന് കയറാനാകും.

പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒളകര പട്ടികവര്‍ഗ സങ്കേതത്തിലെത്തണമെങ്കില്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറയില്‍ നിന്ന് പാലക്കാട് ജില്ലയില്‍ കയറി പോത്തുച്ചാടി, വാല്‍ കുളമ്പ്, കണ്ണച്ചി പരുത തുടങ്ങിയ വനപാതകളിലൂടെ സഞ്ചരിക്കേണ്ടിയിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് എകദേശം മുപ്പത് കിലോമീറ്റര്‍ ദൂരമുണ്ട് ഒളകരയിലേയ്ക്ക്. മണ്‍പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ യാത്രാസമയം ലാഭിക്കാനാകും.

44 വീടുകളിലായി 150 ലധികം ആളുകള്‍ ഒളകരയില്‍ താമസിക്കുന്നുണ്ട്. സത്രീകളെ കൂടാതെ പുരുഷന്മാരും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളാണ്. വനവിഭവങ്ങള്‍ ശേഖരിക്കുന്ന കാലഘട്ടങ്ങളിലൊഴികെ എല്ലാവരും പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. 543 തൊഴില്‍ ദിനങ്ങളും 1,65,000 രൂപ വേതന ഘടകവുമാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. തൊഴിലും വരുമാനവും നേടിയതിനേക്കാള്‍ ആഹ്ലാദമാണ് കാനനപാത തുറന്നതോടെ ഊരിലാകമാനം.

error: Content is protected !!