
തൃശൂർ ഭാഗത്തേക്കുളള തുരങ്കത്തിനുള്ളിൽ അറ്റകുറ്റപ്പണി ആരംഭിച്ച ഭാഗത്തു വിള്ളൽ രൂപപ്പെട്ടു. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു മുകൾഭാഗത്തു കോൺക്രീറ്റിങ് നടക്കുന്ന ഭാഗത്താണു കോൺക്രീറ്റ് അടർന്നു നീങ്ങി വിള്ളലുണ്ടായത്. അരമീറ്ററോളം നീളത്തിലും 10 സെന്റിമീറ്റർ വ്യാസത്തിലുമാണു വിള്ളൽ.
പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ പൂർണമായും ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തിയിരുന്നു. എന്നാൽ ആദ്യം നിർമിച്ച തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലെ 490 മീറ്റർ ഭാഗത്തു ഗ്യാൻട്രി കോൺക്രീറ്റ് നടത്തിയിട്ടില്ല. ഈ ഭാഗത്തെ കോൺക്രീറ്റിങ്ങാണു നടക്കുന്നത്. ഇവിടെ ഉറപ്പുള്ള പാറയുടെ ഭാഗത്തു സാധാരണ കോൺക്രീറ്റിങ് മാത്രമാണു നടത്തിയിരുന്നത്.
മുകൾ ഭാഗത്ത് ആർച്ച് ആകൃതിയിലുള്ള മെഷീൻ ഉപയോഗിച്ചുള്ള കോൺക്രീറ്റിങ്ങാണു ഗ്യാൻട്രി കോൺക്രീറ്റിങ്. കഴിഞ്ഞ മാസം 8 മുതലാണു തുരങ്കത്തിൽ അറ്റകുറ്റപ്പണിക്കുവേണ്ടി ഗതാഗതനിയന്ത്രണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച മുതലാണു കോൺക്രീറ്റ് ജോലികൾ ആരംഭിച്ചത്
തുരങ്കത്തിന്റെ ഉപരിഭാഗം ബലപ്പെടുത്തുന്നതിനായി കമാനാകൃതിയിൽ ഉരുക്കുപാളികൾ ഘടിപ്പിച്ച് അതിനു പുറത്ത് 30 ഇഞ്ച് കനത്തിൽ കോൺക്രീറ്റിടൽ നടത്തുകയാണ് വേണ്ടത്. എന്നാൽ, നിലവിൽ ഒരു ഭാഗത്തും ഉരുക്കുപാളികൾ ഘടിപ്പിക്കാതെയാണ് കോൺക്രീറ്റിടൽ നടത്തിയിട്ടുള്ളത്. നിലവിൽ നടത്തുന്ന അറ്റകുറ്റപ്പണിയിൽ ആശങ്കയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.
വിദഗ്ധസമിതിയെക്കൊണ്ട് നിർമാണത്തിന്റെ ഗുണനിലവാരം പരിശോധിക്കണം എന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടുവച്ചു.
തിരക്കിട്ട പണികൾ കരാർകൈമാറ്റം നടത്താൻ
ദേശീയപാത നിർമാണം തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡിന്റെ കെ.എം.സി. കമ്പനിയായിരുന്നു നടത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം 800 കോടി രൂപയ്ക്ക് ദേശീയപാതനിർമാണം കെ.എം.സി.യിൽനിന്ന് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂറ എനർജി പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തു. ഏറ്റെടുക്കുമ്പോൾ തയ്യാറാക്കിയ ഉടമ്പടിപ്രകാരം കെ.എം.സി. കമ്പനി തുരങ്കത്തിന്റെ നിർമാണം പൂർത്തീകരിച്ചുകൊടുക്കണം. ഇതിനായാണ് അടിയന്തരമായി നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നത്. എന്നാൽ, ഇതിനുവേണ്ടി ശാസ്ത്രീയമായ ഒരു മാനദണ്ഡവും പാലിക്കാതെയാണ് നിർമാണം നടത്തുന്നതെന്ന് വിവിധ രാഷ്ട്രീയനേതാക്കൾ ആരോപണവുമായി രംഗത്തെത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

