
വിലങ്ങന്നൂർ: തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ അപകടങ്ങൾ തുടർക്കഥയാവുന്നുവെന്നും, വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പടരുന്നുവെന്നും, കൂടാതെ കഴിഞ്ഞ ദിവസം ഒരു പശു പേവിഷബാധയേറ്റ് ചത്തിരുന്നുവെന്നും ഇതിനാൽ അടിയന്തരമായി ഇടപ്പെടണമെന്ന് കാണിച്ച് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥിനിയെ വിലങ്ങന്നൂരിൽ വെച്ച് തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

വാർഡിലെ പ്രധാന സെന്ററുകളിലെല്ലാം കൂട്ടമായി തെരുവുനായ്ക്കളുടെ ശല്യമുള്ളതിനാൽ ആരാധനാലയങ്ങളുടെയും , കടകളുടെയും തിണ്ണകളിൽ പട്ടികൾ കാഷ്ടിച്ചിടുകയും പതിവാണ്.തെരുവ് നായ്ക്കളുടെ അക്രമങ്ങളിൽ നിന്ന് ജനങ്ങളേയും , വളർത്തുമൃഗങ്ങളേയും സംരക്ഷിക്കുകയും, ജനങ്ങളുടെ ഭീതി മാറ്റുന്നതിനായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ ഏറ്റെടുത്ത് അഭയം നൽകി സംരക്ഷിക്കുകയോ, വന്ധീകരണം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളോ സ്വീകരിച്ച് തെരുവുനായ് ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഷൈജു കുരിയൻ കത്തിൽ ആവശ്യപ്പെട്ടു. ഇതിന് മുൻപ് കളക്ടർക്കും , മൃഗസംരക്ഷണ വകുപ്പിനും പരാതി കൊടുത്തിരുന്നു എന്ന് ഷൈജു കുരിയൻ പറഞ്ഞു.