January 29, 2026

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; റോഡ് ഷോയും മഹിള സമ്മേളനവും നടക്കും

Share this News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കാർ മാർഗ്ഗം തൃശൂർ നഗരത്തിലെത്തും. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ നീളും. തുടർന്ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മഹിളാ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷം സ്ത്രീകളാണ് മഹിളാ സംഗമത്തിൽ പങ്കെടുക്കുന്നത്.കേന്ദ്രമന്ത്രിമാർ, വിവിധ മേഖലകളിൽ പ്രമുഖരായ വനിതാ പ്രതിനിധികൾ, തൃശ്ശൂർ പാർലമെൻ്റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ച സുരേഷ് ഗോപി അടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും. സമുദായ നേതാക്കളുമായുള്ള കൂടികാഴ്ച്ചയും ഒരുക്കിയിട്ടുണ്ട്. നാലരയോടെ സമ്മേളനം സമാപിക്കും. കനത്ത സുരക്ഷയിലാണ് തൃശൂർ. 3000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇടവഴികളിലൊന്നും വാഹനം പാ‍ർക്ക് ചെയ്യാൻ അനുമതിയില്ല. ജനുവരി അവസാനത്തോടെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നതിനാലാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം.ജില്ലാ ആശുപത്രി മുതൽ നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ നീളുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാൻ പ്രവർത്തകർ റോഡിന് ഇരുവശവും നിൽക്കും. ഇതിനെ തുടർന്ന് മൂന്ന് മണിക്കാണ് മഹിളാ സമ്മേളനം. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ. മഹിളാ സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരായ വനിതകൾക്ക് പുറമേ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളും പങ്കെടുക്കുംനടി ശോഭന, ബീനാ കണ്ണൻ, ഡോ.എം എസ് സുനിൽ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. വനിതാസംവരണ ബില്ല് പാസ്സാക്കിയ പ്രധാനമന്ത്രിക്കുള്ള അഭിവാദ്യമാണ് സമ്മേളനം. 200 ഓളം മഹിളാ വോളണ്ടിയർമാർ സമ്മേളന നഗരി നിയന്ത്രിക്കും.

എന്നാൽ സാമുദായിക നേതാക്കൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. തീരുമാനം അനുകൂലമായാൽ വേദിക്ക് പുറകിൽ പ്രത്യേകം ഒരുക്കുന്ന പിഎം ഓഫീസിൽ വച്ചാകും കൂടിക്കാഴ്ച. വൈകിട്ട് നാലര വരെയാണ് പ്രധാനമന്ത്രി തൃശൂരിലുണ്ടാകുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!