
ജനുവരി അഞ്ചിന് കാസർഗോഡ് വെച്ച് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ നിർമ്മാണോദ്ഘാടനചടങ്ങിൽ വെച്ച് തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര , കൊരട്ടി , മുരിങ്ങൂർ,പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴിച്ചപ്പറമ്പ് അടിപ്പാതയും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുമെന്ന് ടി.എൻ.പ്രതാപൻ എംപി അറിയിച്ചു. പ്രസ്തുത ചടങ്ങിലേക്ക് ഈ പ്രദേശങ്ങളിലെ എംപിമാർക്ക് പ്രത്യേക ക്ഷണം മന്ത്രിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ അടിപ്പാതകൾക്ക് 209.17 കോടി രൂപയും ആലത്തൂരിൽ 117.77 കോടി രൂപയും ചാലക്കുടിയിൽ 149.45 കോടി രൂപയും പാലക്കാട് 49.40 കോടി രൂപയും അടക്കം ആകെ 525.79 കോടി രൂപയുടെ പദ്ധതികളാണ് ദേശീയ പാത 544 ൽ മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഇതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്ര മന്ത്രിയിൽ നിന്നും ലഭിച്ചതായി ടി.എൻ.പ്രതാപൻ എംപി അറിയിച്ചു. കഴിഞ്ഞ ദിവസം ടെണ്ടർ നടപടികളുടെ പ്രഥമഘട്ടം പൂർത്തിയാക്കിയ അടിപ്പാതകളുടെ വാല്യുവേഷൻ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും . അതിന് ശേഷമായിരിക്കും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുക. അടിപ്പാത നിർമ്മാണത്തിനായി മത്സരാടിസ്ഥാനത്തിൽ നടന്ന ടെണ്ടറിൽ ഏഴ് കമ്പനികളാണ് പങ്കെടുത്തിട്ടുള്ളത്. നിരന്തരം അപകടങ്ങളുണ്ടാകുന്ന മേൽ സൂചിപ്പിച്ച പ്രദേശങ്ങളിൽ അടിപ്പാത യാഥാർത്ഥ്യ മാക്കുന്നതിന് വലിയ ജനകീയ പ്രക്ഷോഭങ്ങൾ നടന്നു വരികയായിരുന്നു. പാർലിമന്റിനകത്തും പുറത്തും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ അടുത്ത് നിരന്തരമായി നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് അടിപ്പാതകൾക്ക് അനുമതി ലഭിച്ചതെന്ന് ടി.എൻ. പ്രതാപൻ എംപി അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രത്യേകം നന്ദി അറിയിച്ച് ടി.എൻ. പ്രതാപൻ എംപി കത്ത് നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


