ഇന്ന് ശ്രീ നാരായണ ഗുരു സമാധി ദിനം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്‍റെ സമാധി ദിനമാണ് ഇന്ന് (കന്നി 5).ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം .1928 ൽ സെപ്തംബർ ഇരുപതാം തീയതി ശിവഗിരിയിൽ വച്ചാണ് ഗുരു സമാധിയടഞ്ഞത്. ശ്രീ നാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിൻ്റെ പ്രവാചകനായിരുന്നു.കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരു നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഗുരുവിന്റെ ഉദ്‌ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളർത്തിയത്.വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കർമ്മം കൊണ്ട് അഭിവൃദ്ധിനേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവൻ ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീ നാരായണഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന് ജീവിച്ച് ബോദ്ധ്യപ്പെടുത്തി.