November 21, 2024

28 ഇന കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കമായി,
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഏവര്‍ക്കും മാതൃക; മന്ത്രി കെ രാജന്‍

Share this News

തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനം തൃശൂര്‍ തന്നെയാണെന്ന് വീണ്ടും ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. വിദ്യാഭ്യാസ പരിപാടിയായ സമ്മേതവും ആരോഗ്യരംഗത്തെ കാന്‍ തൃശ്ശൂരുമെല്ലാം സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ഏറ്റെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുള്ള മാതൃക പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. സമേതം പദ്ധതിരേഖ 2023-24 ന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് കൈമാറി നിര്‍വഹിച്ചു. മികച്ച വിദ്യാഭ്യാസ മാതൃക പദ്ധതിയായി സമേതത്തെ പരിഗണിച്ച് സംസ്ഥാനത്താകെ നടപ്പാക്കണമെന്ന സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥനയും സമേതം പദ്ധതി മുന്നോട്ടുവച്ചു.

ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിനായി 19.27 കൊടി രൂപ അനുവദിച്ചതിന്റെ വിതരണം, അങ്കണവാടികള്‍ക്കുള്ള വാട്ടര്‍ പ്യൂരിഫയര്‍ വിതരണം, ഗ്രന്ഥശാലകള്‍ക്കുള്ള കസേര വിതരണം, സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പ് വിതരണം, വയോജനങ്ങള്‍ക്കായുള്ള ഒളരിക്കരയിലെ സുശാന്തം പദ്ധതിയുടെ കെട്ടിടത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം, കാര്‍ഷിക മേഖലയ്ക്കുള്ള മോട്ടോര്‍ പമ്പ് സെറ്റ് വിതരണം, എസ് സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍, ഭിന്നശേഷിക്കാരുടെ പുനരധിവാസനായുള്ള രാമവര്‍മ്മപുരത്തെ ശുഭാപ്തി പുനരധിവാസ കേന്ദ്രം, കളക്ടറേറ്റിലെ ടേക്ക് എ ബ്രേക്ക് പദ്ധതി, ജില്ലാ ഹോമിയോ ആശുപത്രിയിലെ ഓട്ടോമാറ്റിക് ഹോര്‍മോണ്‍ അനലൈസര്‍ തുടങ്ങിയ വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നു. മറ്റ് വികസന പദ്ധതികള്‍ ജനുവരി 30ന് അകം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഈ വര്‍ഷത്തെ കേരളോത്സവ വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിന് സമ്മാനിച്ചു.

നിപ്മറിന്റെ മാതൃകയിലാണ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് സമീപം ഭിന്നശേഷിക്കാര്‍ക്ക് ശുഭാപ്തി ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭയില്‍ ഭിന്നശേഷി റിസോഴ്‌സ് സെന്റര്‍ പ്രഥമ പരിഗണന നല്‍കേണ്ട ആവശ്യമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്. ഭിന്നശേഷി മേഖലയില്‍ ലഭ്യമാക്കാവുന്ന സേവനങ്ങള്‍ ഒരുക്കുട കീഴില്‍ ഏര്‍പ്പെടുത്തുകയും ആവശ്യമായ എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കുകയുമാണ് പദ്ധതിയിലൂടെ. കളക്ടറേറ്റ് കോമ്പൗണ്ടില്‍ അനുവദിച്ച 160 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 38.50 ലക്ഷം രൂപ ചെലവഴിച്ച് ഇരുനിലകളിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ് ബ്ലോക്കും വിശ്രമ കേന്ദ്രവും തയ്യാറാക്കി. ജില്ലാ പഞ്ചായത്ത് എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ് വിഭാഗമാണ് നിര്‍വഹണം നടത്തിയത്.

അങ്കണവാടികള്‍ക്കുള്ള വാട്ടര്‍ പ്യൂരിഫയര്‍ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയിലെ 20 ഐ സി ഡി എസ് കളിലെ 361 അംഗനവാടികളിലേക്കാണ് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തത്. ചെലവ് 53.81 ലക്ഷം രൂപ. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കുന്നതിനും അങ്കണവാടികളില്‍ എത്തുന്ന കുട്ടികള്‍ക്ക് ശുദ്ധജലം ഉറപ്പാക്കുകയാണ് ലക്ഷ്യം.

കാര്‍ഷിക മേഖലയിലേക്കുള്ള മോട്ടോര്‍ പമ്പ് സെറ്റ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ നിര്‍വഹിച്ചു. കോള്‍പാടശേഖരങ്ങളില്‍ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ 6 കോള്‍പാടശേഖരസമിതികള്‍ക്കും കോളിതര പാടശേഖരങ്ങളില്‍ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ 14 പാടശേഖരങ്ങള്‍ക്കായി 16 മോട്ടോറുകളുമാണ് വിതരണം ചെയ്തത്.

ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പ് വിതരണം ജില്ലാ ഹോമിയോ ആശുപത്രിയിലെ ഓട്ടോമാറ്റിക് ഹോര്‍മോണ്‍ അനലൈസര്‍ എന്നിവയുടെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ നിര്‍വഹിച്ചു. ജില്ലയിലെ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ശക്തീകരിക്കുന്നതിനായി 40 ലക്ഷം രൂപ ചിലവില്‍ 113 ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. തൈറോയ്ഡ്, അലര്‍ജി ആന്‍ഡ് ആസ്മ, മസ്‌കുലോ സ്‌കെലിട്ടല്‍ എന്നീ സ്‌പെഷ്യല്‍ ഒ.പികളിലേക്ക് ഹോര്‍മോണ്‍ ലാബ് പരിശോധനകള്‍ നടത്തുന്നതിനായി ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഓട്ടോമാറ്റിക് ഹോര്‍മോണ്‍ അനലൈസര്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കി. സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഉള്‍പ്പെടെയുള്ള ഹോമിയോ ഹെല്‍ത്ത് സെന്ററില്‍ നിന്നും റഫറന്‍സ് മുഖേന എത്തുന്ന രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹോര്‍മോണ്‍ ലാബ് സേവനങ്ങള്‍ ലഭ്യമാക്കും.

എസ് സി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണവും ഗ്രാമപഞ്ചായത്ത് വിഹിത വിതരണ ഉദ്ഘാടനവും വയോജനങ്ങള്‍ക്കായുള്ള സുശാന്തം കെട്ടിട രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ് നിര്‍വഹിച്ചു. വയോജനങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനായി വയോജന വിഭവ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിയാണ് സുശാന്തം ലക്ഷ്യമിടുന്നത്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2.5 കോടി രൂപ ചെലവഴിച്ച് വിവിധ ഘട്ടങ്ങളിലായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു വരികയാണ്. 270 ലാപ്‌ടോപ്പ് പദ്ധതി വഴി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്കുള്ള കസേര വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ് നായര്‍ നിര്‍വഹിച്ചു. 5 ലക്ഷം രൂപ വകയിരുത്തി ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള തെരഞ്ഞെടുക്കപ്പെട്ട വായനശാലകള്‍ക്കാണ് കസേരകള്‍ വിതരണം ചെയ്യുന്നത്. വായനശാലകളില്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കി വായനയെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

കളക്ടേറേറ്റ് അനക്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ വി വല്ലഭന്‍, സെക്രട്ടറി പി എസ് ഷിബു, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!