November 21, 2024

ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും

Share this News


ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കണമെന്നും അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കണമെന്നും എന്‍.കെ അക്ബര്‍ എം എല്‍ എയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ചാവക്കാട് താലൂക്കാശുപത്രിയില്‍ വനിതാ ഗൈനകോളജിസ്റ്റ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കണമെന്നും എം എല്‍ എ പറഞ്ഞു. ചാവക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് മുറികള്‍ സ്വന്തം കെട്ടിടമില്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് നല്‍കണമെന്നും അഴീക്കോട് ഫിഷറീസ് വകുപ്പിലെ ബന്ധപ്പെട്ട ജീവനക്കാര്‍ ആഴ്ചയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

ജി.എച്ച്.എസ് മണത്തല, ജി.എം.എം.എച്ച്.എസ് വടക്കാഞ്ചേരി എന്നി വിദ്യാലയങ്ങളിലെ കെട്ടിട നിര്‍മ്മാണം ജനുവരി നാലാം വാരത്തില്‍ ആരംഭിക്കും. ചാവക്കാട് നഗരസഭ വാര്‍ഡ് 23 ലെ 92 നമ്പര്‍ അംഗന്‍വാടി കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നതിന് തുടര്‍ നടപടിക്കള്‍ക്കായി മത്സ്യബന്ധന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വടക്കാഞ്ചേരി മണ്ഡലത്തിലെ അംബേദ്കര്‍ കോളനി ദത്തെടുക്കലുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ പട്ടികജാതി ഓഫീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും റവന്യൂ വകുപ്പ് എന്‍ ഒ സി വേഗത്തില്‍ നല്‍കണമെന്നും എം എല്‍ എ പറഞ്ഞു. പ്രശ്‌നപരിഹാരം വേഗത്തിലാക്കാന്‍ എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടറെ യോഗത്തില്‍ ചുമതലപ്പെടുത്തി. അവണൂര്‍ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ അദാലത്ത് നടത്തും. മണ്ഡലത്തില്‍ നഗരസഞ്ചിക പദ്ധതിയിലുള്‍പ്പെട്ട ടാങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും മുളങ്കുന്നത്ത്കാവ് ഗ്രാമപഞ്ചായത്തിലെ കിള്ളന്നൂര്‍ വില്ലേജ് സര്‍വെ നമ്പര്‍ 1/59 ല്‍ പെട്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രം അല്ലെങ്കില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കണമെന്ന എം എല്‍ എ യുടെ ആവശ്യത്തിന് അടുത്ത ജില്ലാ വികസന സമിതി യോഗത്തിന് മുമ്പ് പ്രെപ്പോസില്‍ തയ്യാറാക്കി നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

പുതുക്കാട് നിയോജക മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോടാലി – വെള്ളിക്കുളങ്ങര റോഡുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.കെ രാമചന്ദ്രന്‍ എം എല്‍ എ ആവശ്യപ്പെട്ടു. സര്‍വേ നടപടികള്‍ അടുത്ത മാസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാട്ടുമലയില്‍ ജലജീവന്‍ മിഷന്റെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണവുമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം, പി ഡബ്ലിയു ഡി റോഡുകളിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടല്‍ പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു. കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എം എല്‍ എ യുടെ അധ്യക്ഷതയില്‍ യോഗം ചേരും.

എം.പി ഫണ്ടില്‍ 22 ഹൈമാസ്റ്റുകള്‍ക്ക് പ്രൊപ്പോസല്‍ നല്‍കിയതിന് പി ഡബ്ല്യു ഡി യുടെ എന്‍ഒസി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി കെ അജിത്ത് കുമാര്‍ ഉന്നയിച്ച വിഷയത്തില്‍ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരാന്‍ തീരുമാനിച്ചു. പാര്‍ളിക്കാടില്‍ ലൈറ്റ്, സിഗ്‌നല്‍, മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡ് മുതലായവ റോഡ് സുരക്ഷ ഫണ്ടില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി സ്ഥാപിക്കാന്‍ തീരുമാനിച്ചു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി, എം എല്‍ എ മാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തിവികസന ഫണ്ട്, എംപി എല്‍ എ ഡി എസ് ഫണ്ട് തുടങ്ങിയവ ചര്‍ച്ച ചെയ്തു. എം എല്‍ എ മാരായ എന്‍.കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ കെ രാമചന്ദ്രന്‍, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പ്രതിനിധി പ്രസാദ്, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി കെ അജിത്ത് കുമാര്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, പ്ലാനിംഗ് ഓഫീസര്‍ മായ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!