
നാടിനെ തകർക്കാൻ മാത്രം കാരണമാകുന്ന കേന്ദ്രസർക്കാറിന്റെ നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തൃശ്ശൂർ മണ്ഡലം നവകേരള സദസ്സ് തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾ കരുത്ത് പ്രകടിപ്പിക്കുമ്പോൾ അതിന്റെ ഫലം ഉണ്ടാവും. നവകേരള സദസ്സിൽ ജനങ്ങൾ നല്ല രീതിയിൽ ഇടപെടുമ്പോൾ കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിൽ വന്ന് പ്രതികരിക്കേണ്ടി വന്നു. കേന്ദ് അവഗണനക്കെതിരെ യുഡിഎഫ് എംപിക്ക് പാർലമെന്റിൽ പ്രതികരിക്കേണ്ടിവന്നു. അത് സ്വാഗതാർഹമാണ്.
നവകേരള സദസ്സ് ആർക്കും എതിരായ പരിപാടിയല്ല. നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയുമാണ്. ഏതെങ്കിലും മുന്നണിക്ക് അനുകൂലമോ എതിരായോ ഉള്ള പരിപാടിയല്ല ഇത്. നമ്മുടെ അനുഭവത്തിൽ കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുന്നു. കേന്ദ്ര സർക്കാരിന് എതിരേ പറയുന്നതിന് യുഡിഎഫിന് എന്താണ് പൊള്ളൽ. 2021ൽ അധികാരത്തിൽ വന്ന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കാനോ അതിന് ഒപ്പം നിൽക്കാനോ യുഡിഎഫ് തയ്യാറായിട്ടുണ്ടോ? എല്ലാ പ്രധാന കാര്യങ്ങളേയും എതിർക്കാനല്ലേ യുഡിഎഫ് തയ്യാറായത്. 2011 മുതൽ 2016 വരെ കെടുകാര്യസ്ഥതയുടെ ഭാഗമായി നമ്മുടെ നാടിനെ വലിയ തോതിൽ തകർക്കുന്ന നിലയാണ് യുഡിഎഫ് സ്വീകരിച്ചത്. ഇത് നാടാകെ നിരാശയിലാവാൻ ഇടയാക്കി. ഇതിലാണ് 2016ൽ മാറ്റം വന്നത്. അതിന്റെ ഗുണം നാടിനല്ലേ ഉണ്ടാവുന്നത്? നമ്മുടെ നാട്ടിൽ നടക്കില്ലെന്ന് കണക്കാക്കിയ കാര്യങ്ങൾ ഓരോന്നായി നടക്കുകയും ആരംഭിക്കുകയും ചിലത് പൂർത്തിയാവുകയും ചെയ്തു. അന്ന് ചെയ്യാൻ കഴിയാതെ പോയതിന്റെ വീഴ്ച ഉൾക്കൊണ്ടുകൊണ്ട് അതിന്റെ കൂടെ നിൽക്കുകയല്ലേ ചെയ്യേണ്ടത്? എന്തിനാണ് അതിനെ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത്.
നവകേരള സദസ്സിനെ ജനങ്ങൾ നെഞ്ചേറ്റിയിരിക്കുന്നു. ഓരോ മണ്ഡലത്തിലും ജനസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്. നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായിട്ടാണ് നവകേരള സദസ്സ് മാറുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി ഒഴുകിയെത്തുന്ന പതിനായിരങ്ങളെ ഉൾക്കൊള്ളാനുള്ള ഗ്രൗണ്ടുകൾ കേരളത്തിൽ പലയിടത്തും ഇല്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. സംഘാടകർ ഒരുക്കിയ ഗ്രൗണ്ടിന് പുറത്താണ് ആയിരങ്ങൾ തിങ്ങിനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ് എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി കോ ഓർഡിനേറ്റർ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ആർ മായ സ്വാഗതവും തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ ഷാജൻ നന്ദിയും പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ റോസി, മുൻ മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, വിഎസ് സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
നവ കേരള സദസിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ 17 കൗണ്ടറുകളിലായി പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു.
കോളജ് ക്യാമ്പസുകളിലും സർവകലാശാലകളിലും അഞ്ചേക്കറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ അനുവദിക്കുമെന്ന് നിയമ – വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് . തേക്കിൻകാട് മൈതാനിയിൽ നടന്ന തൃശൂർ മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകളിൽ വിദ്യാർഥികൾക്ക് പഠന ശേഷവും ജോലി ചെയ്യാനാകും. പഠിച്ച വിഷയത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ വിദ്യാർഥിക്ക് ബോണസ് മാർക്കും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഏഴു വർഷം കൊണ്ട് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷനായി നൽകിയത് 57603 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാരിന്റെ അഞ്ചു വർഷക്കാലത്ത് 35154 കോടി രൂപയും രണ്ടാം പിണറായി സർക്കാരിന്റെ രണ്ടര വർഷം കൊണ്ടുള്ള കാലയളവിൽ 22459 കോടി രൂപയുമാണ് ക്ഷേമ പെൻഷനായി നൽകിയത്. 2011- 16 കാലഘട്ടത്തിൽ ആകെ 60 മാസം കൊണ്ട് 9011 കോടി രൂപ മാത്രമാണ് ക്ഷേമ പെൻഷനായി നൽകിയത്. ഇപ്പോൾ ഒരു മാസം മാത്രം ക്ഷേമ പെൻഷനായി ചെലവഴിക്കുന്നത് 900 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
ആസൂത്രണത്തിലെ ജനപങ്കാളിത്തം ജനാധിപത്യത്തിലെ കേരളത്തിന്റെ സംഭാവനയാണ്. അതിന്റെ തുടർച്ചയാണ് നവകേരള സദസ്. അത് സർക്കാർ മുൻ കൈയെടുത്തു നടപ്പാക്കുന്ന ജനങ്ങളുടെ പരിപാടിയാണ്. നവകേരളം ഭാവി കേരളത്തിനു വേണ്ടിയാണ്. പിറക്കാനിരിക്കുന്ന മലയാളികൾക്കു വേണ്ടികൂടിയാണ് നവകേരളത്തെ സർക്കാർ വിഭാവന ചെയ്യുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
തൃശൂർ ജില്ലയിൽ 4012 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന തൃശൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ പ്രവർത്തനം കാര്യക്ഷമമായി നടക്കുകയാണ്. പദ്ധതി വഴി 36 ലക്ഷം വീടുകളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധികളെ മറികടന്ന് വികസന നേട്ടങ്ങളുമായി സംസ്ഥാനം മുന്നേറുകയാണ്. വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അക്കാദമിക് നിലവാരം ഉയർത്താനും കഴിഞ്ഞു. സർവകലാശാലകളും കോളജുകളും മികവിന്റെ കേന്ദ്രങ്ങളായി. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിൽ വന്ന് പഠിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ്. ഡിജിറ്റൽ സർവകലാശാല രാജ്യത്തിന് തന്നെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും പശ്ചാത്തല വികസനത്തിലും കേരളം മാതൃകയാണ്. വ്യവസായരംഗം, ലൈഫ് മിഷൻ, പട്ടയം , കൃഷി, അർഹരായവർക്ക് ക്ഷേമ പെൻഷൻ തുടങ്ങി എല്ലാ രംഗങ്ങളിലും സർക്കാർ വികസന പാതയിലാണ്.
കേരളത്തിന് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചാണ് നവകേള സദസ്സ് മുന്നേറുന്നത്. കാസർകോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് തൃശൂരിലെത്തി നിൽക്കുമ്പോൾ നാടിനോട് ചേർന്ന് നിൽക്കുന്ന ജനങ്ങളുടെ വികാരമാണ് നവകേരള സദസ്സിൽ കാണാനാകുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും കോർത്തും ചേർത്തും പിടിച്ച് എല്ലാ മേഖലകളിലും വികസന മാറ്റങ്ങൾ കൈവരിച്ചുമാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് . തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന തൃശൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഭൂരഹിതർ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം വൈകാതെ സാക്ഷാത്കരിക്കും. 2025 നവംബറോടെ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.
സംസ്ഥാനത്ത് കർഷകർക്കായി വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. എല്ലാവർക്കും ഭവനം, ഭൂമി, പട്ടയം , വൈദ്യുതി, ചികിത്സ, ശുദ്ധ ജലം, മികച്ച വിദ്യാഭ്യാസം, എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ എത്തിക്കുന്നതിലൂടെയാണ് നവകേരളം സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാർക്ക് ജോലി നൽകാനും, എല്ലാ മേഖലയിലും വികസനം കൊണ്ടു വരാനും സർക്കാരിനു സാധിച്ചിട്ടുണ്ട്. വികസന നേട്ടങ്ങളാണ് നവകേരള സദസിലേക്ക് ജനങ്ങളെ കൂട്ടമായി എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൂര നഗരിയായ തൃശൂരിൽ നടന്ന നവകേരള സദസ് തേക്കിൻകാട് മൈതാനിയിലെ മറ്റൊരു പൂരക്കാഴ്ചയായി. തൃശൂർ നിയോജക മണ്ഡലത്തിലെത്തിയ സംസ്ഥാന മന്ത്രിസഭയെ കാണാനും കേൾക്കാനുമെത്തിയവരെ കൊണ്ട് തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണർ നിറഞ്ഞു .
വാനിൽ വർണ മഴ പെയ്ത വെടിക്കെട്ടോടെയാണ് നഗരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത്.
നവകേരള സദസിനെത്തിയ പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് ആംബുലൻസ് സേവനം ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം, ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സർവീസുകൾ മുഴുവൻ സമയവും ജാഗരൂഗരായി ഉണ്ടായിരുന്നു. സദസിനെത്തിയവർക്ക് തൃശൂർ കോർപ്പറേഷൻ സൗജന്യമായി പലഹാരങ്ങളും പഴങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു.
ചടങ്ങിൽ നവകേരള സദസിനോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സര വിജയി കൾക്കുള്ള സമ്മാനങ്ങൾ പി. ബാലചന്ദ്രൻ എം എൽ എ വിതരണം ചെയ്തു. സ്റ്റേജിനടുത്ത് ചിത്രരചന മത്സര വിജയികളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
നവകേരള സദസിനോടനുബന്ധിച്ച് കേരള കലാമണ്ഡലം അവതരിപ്പിച്ച എന്റെ കേരളം ഡാൻസ് ഫ്യൂഷൻ, തൃശൂർ ജനനയന അവതരിപ്പിച്ച നാടൻ കലകൾ – ഫോക്ക് ഈവ് , ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ , തൃശൂർ മെലഡി വോയ്സ് അവതരിപ്പിച്ച ഗാനമേള, ഫലിതപ്രഭാഷകനുമായ നന്ദകിഷോർ അവതരിപ്പിച്ച നന്ദഹാസം , കെ പ്രേമദാസൻ അവതരിപ്പിച്ച ഓടക്കുഴൽ ഗാനം, സർക്കാർ ജീവനക്കാരുടെ സ്വാഗത ഗാനം, നാടൻ പാട്ട് ,ചലച്ചിത്ര നടനും ഫൈൻ ആർട്സ് കോളേജ് അധ്യാപകൻ കെ.പി. ജിനൻ അവതരിപ്പിച്ച ഓടക്കുഴൽ സംഗീതം എന്നീ പരിപാടികൾ നടന്നു.
എൻ എസ് എസ് , എൻസി സി തുടങ്ങിയ വളണ്ടിയേഴ്സിന്റെ സേവനം സദസിലെത്തിയ സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഹരിത കർമ്മസേന, കുടുംബശ്രീ , ആശ, അംഗൻവാടി പ്രവർത്തകരും വിവിധ വകുപ്പുകളും സുഗമമായ നടത്തിപ്പിന്റെ ഭാഗമായി.
തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന തൃശൂർ നിയോജക മണ്ഡല നവകേരള സദസിൽ 2820 നിവേദനങ്ങൾ ലഭിച്ചു. നിവേദനങ്ങൾ നൽകാനായി 17 കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ , സ്ത്രീകൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. നിവേദനകൾ തയ്യാറാക്കാനും നൽകാനെത്തുന്നവരെ സഹായിക്കുന്നതിനുമായി ഹെൽപ്പ് ഡെസ്കും പ്രവർത്തിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


