January 28, 2026

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും വീട്ടമ്മയെ രാത്രിയിൽ വാണിയംപാറ ബസ് സ്റ്റോപ്പിൽ നിർത്താതെ മേലേചുങ്കത്ത് ഇറക്കി വിട്ടതായി പരാതി

Share this News

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും വീട്ടമ്മയെ രാത്രിയിൽ വാണിയംപാറ ബസ് സ്റ്റോപ്പിൽ നിർത്താതെ മേലേചുങ്കത്ത് ഇറക്കി വിട്ടതായി പരാതി വാണിയംപാറ പാറോത്തിങ്കൽ രജനിയെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നും ഇറക്കി വിട്ടത്.

ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന  രജനി രാത്രി 10.15 സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു. വാണിയംപാറയിൽ ഫെയർ സ്റ്റേജ് ഇല്ലാത്തതിനാൽ അടുത്ത ഫെയർ സ്റ്റേജായ പാലക്കാട് ജില്ലയിലെ വടക്കുഞ്ചേരിക്കുള്ള ബസ് ചാർജ് നൽകുകയും ചെയ്തു. കൊമ്പഴ കഴിഞ്ഞതോടെ അടുത്ത സ്‌റ്റോപ്പിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട രജനിയോട് ബസ് നിർത്തുന്നിടത്ത് നിങ്ങൾ ഇറങ്ങിയാൽ മതിയെന്ന് ജീവനക്കാർ പറയുകയായിരുന്നു. പിന്നീട് ഒരു കിലോമീറ്ററോളം ദൂരത്തുള്ള വാണിയംപാറ മേലേചുങ്കം സ്റ്റോപ്പിൽ ഇറക്കി വിടുകയും ചെയ്തു

തുടർന്ന് സർവ്വീസ് റോഡ് പോലും ഇല്ലാത്ത ദേശീയപാതയിലൂടെ രാത്രി 11 മണിക്ക് നടന്ന് വീട്ടിലേക്ക് പോകേണ്ട അവസ്ഥയാണ് ഇവർക്ക് ഉണ്ടായത്. സഹയാത്രികർ വളരെ നിർബന്ധിച്ചെങ്കിലും ബസ് ജീവനക്കാർ ചെവികൊണ്ടില്ലെന്നും രജനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും പരാതി നൽകിയിട്ടുണ്ട്.

പട്ടിക്കാട് സെന്ററിൽ പ്രവേശിക്കാതെ മേൽപ്പാതയിലൂടെ പോയി യാത്രക്കാരെ വഴിയരികെ ഇറക്കി വിട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കെഎസ്ആർടിസിക്ക് എതിരെ ഉള്ളത്. കഴിഞ്ഞവർഷം പ്രദേശവാസിയായ ഒരു യുവാവിനെ വാണിയംപാറയിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ ജീവനക്കാർ മർദ്ദിച്ചതിനെതിരെയും കേസുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ ഇത്തരം പ്രവർത്തികൾക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!